ഗ്യാനേഷിന്‍റെ രാജി ; 13 കോടിയിലധികം മനുഷ്യർക്കായി രാംലീല മൈതാനത്ത് ഇന്ന് മുദ്രാവാക്യമുയരും

ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ കാശാപ്പുചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പത്ത് ലക്ഷംപേർ ഞായറാഴ്‌ച രാജ്യതലസ്ഥാനത്തിറങ്ങും.മഹാറാലിയിൽ പങ്കെടുക്കുന്നതിനായി സിപിഐഎം പ്രവർത്തകർ ഡൽഹിയിലെത്തി.
ഡൽഹി രാംലീല മൈതാനത്ത് ഇന്ത്യ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന റാലിയിൽ എസ്‌ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ട 13 കോടിയിലധികം മനുഷ്യർക്കായി മുദ്രാവാക്യമുയരും. മോദി സർക്കാരിനായി രാജ്യത്തെ ജനകോടികളുടെ വോട്ടവകാശം കവർന്ന ഗ്യാനേഷ് കുമാറിനോട് അധികാരക്കസേരയിൽ നിന്നിറങ്ങിപ്പോകാൻ പ്രക്ഷോഭകർ ആവശ്യപ്പെടും.
മഹാറാലിയിൽ പങ്കെടുക്കുന്നതിനായി രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ലക്ഷക്കണക്കിനാളുകൾ ശനിയാഴ്‌ച രാവിലെ മുതൽ ഡൽഹിയിലെത്തിത്തുടങ്ങിയിരുന്നു. ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായ പാർടികൾ എല്ലാ സംസ്ഥാനത്തുനിന്നും പ്രവർത്തകരെ മഹാറാലിക്കായി ഡൽഹിയിലെത്തിക്കും.
ഹരിയാന, രാജസ്ഥാൻ, യുപി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാകും കൂടുതൽ ആളുകൾ റാലിയിൽ അണിനിരക്കുക. പ്രതിപക്ഷ എംപിമാരോടൊപ്പം, മുഖ്യമന്ത്രിമാർ, എംഎൽഎമാർ, എംഎൽസിമാർ, യുവജന–വിദ്യാർഥി സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, ബദ്ധിജീവികൾ എന്നിവരും റാലിയിൽ അണിനിരക്കും.








0 comments