Deshabhimani

ആന്ധ്രാപ്രദേശിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; 'മുറാസു' നവംബർ 3ന് തീരം തൊട്ടേക്കും

cyclone
വെബ് ഡെസ്ക്

Published on Nov 01, 2026, 09:02 AM | 1 min read

ഹൈദരാബാദ്: ചുഴലിക്കാറ്റ് അർനബിന്റെ ആഘാതം മാറുംമുമ്പേ ആന്ധ്രാപ്രദേശിനെ ആശങ്കയിലാക്കി ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം. ന്യൂനമർദം ശക്തിപ്രാപിച്ച് 'മുറാസു' എന്ന പേരിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 3ന് ആന്ധ്രാപ്രദേശ് തീരത്ത് കരതൊട്ടേക്കുമെന്നാണ് പ്രവചനം.


ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാറ്റിന്റെ വേഗം 100 കിലോമീറ്റർ വരെയാകാമെന്നും ഐഎംഡി അറിയിച്ചു. ആന്ധ്രാപ്രദേശ്, റായലസീമ, ഒഡിഷ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നവംബർ 2, 3 തീയതികളിൽ ആന്ധ്രയിലും റായലസീമയിലും അതിശക്തമായ മഴ ലഭിച്ചേക്കും.


ബംഗാൾ ഉൾക്കടലിൽ കടൽക്ഷോഭം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച ഉച്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലിലുള്ളവർ ഉടൻ തീരത്തേക്ക് മടങ്ങണമെന്നും അധികൃതർ നിർദേശിച്ചു.


ഒക്ടോബർ 28ന് ആന്ധ്രാപ്രദേശ് തീരം കടന്ന അർനബ് ചുഴലിക്കാറ്റിൽ മൂന്ന് പേർ മരിക്കുകയും 1.8 ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത്തിൽ വീശിയ കാറ്റിൽ വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. ഇതിനുപിന്നാലെ പുതിയ ന്യൂനമർദം രൂപപ്പെട്ടത് തീരദേശ മേഖലകളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.


അതേസമയം, നവംബറിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയിലും കുറവ് മഴ ലഭിക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനം. ദക്ഷിണേന്ത്യൻ ഉപദ്വീപിൽ ദീർഘകാല ശരാശരിയുടെ 77 ശതമാനത്തിൽ താഴെയായിരിക്കും മഴ ലഭിക്കുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home