ad
Deshabhimani

മോനയുടെ നായയുടെ പേരെന്ത് ? 'റാം' എന്ന പേര് ഓപ്ഷനിൽ; ഛത്തീസ്ഗഢിൽ ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ

ram
വെബ് ഡെസ്ക്

Published on Jan 11, 2026, 12:57 PM | 1 min read

റായ്പൂർ: നാലാം ക്ലാസിലെ പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യപ്പേപ്പറിൽ മതനിന്ദയെന്ന് ആരോപിച്ച് ഛത്തീസ്ഗഢിൽ സർക്കാർ സ്കൂളിലെ ഹെഡ്‌മിസ്ട്രസിന് സസ്പെൻഷൻ. ഇംഗ്ലീഷ് ചോദ്യ പേപ്പറിൽ "മോനയുടെ നായയുടെ പേരെന്താണ്?" എന്ന ചോദ്യത്തിന് റാം, ബാലു, ഷേരു, ആരും അല്ല, എന്നിങ്ങനെയായിരുന്നു ഓപ്ഷനുകൾ. ഇതിലെ റാം എന്ന പേരാണ് വിവാദമായത്.


സംഭവത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കോലം കത്തിക്കുകയും ചെയ്തു. റാം എന്ന പദം ഹിന്ദു ദൈവമായ രാമനെ പരാമര്‍ശിക്കുന്നതാണെന്നാണെന്നും ചോദ്യം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ഹിന്ദു സംഘടനകൾ ആരോപിച്ചു.


പരാതികളെത്തുടർന്ന്, വിഷയം അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണ സമിതി രൂപീകരിച്ചു. തുടർന്നാണ് ചോദ്യപേപ്പർ തയാറാക്കിയ നക്തി (ഖപ്രി) യിലെ ഹെഡ്മിസ്ട്രസ് ആയ ശിഖ സോണിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ചോദ്യപേപ്പറിന്റെ മോഡറേറ്റർ ആയിരുന്ന നർമദ വർമയ്ക്ക് എതിരെയും അച്ചടക്ക നടപടി എടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കരാർ ജീവനക്കാരിയായ നർമദയെ പിരിച്ചുവിട്ടേക്കും.


'രാമു' എന്നതിന് പകരം 'റാം' എന്ന വാക്ക് അബദ്ധത്തിൽ അച്ചടിച്ചതെന്നാണ് സോണി രേഖാമൂലമുള്ള വിശദീകരണത്തിൽ പറയുന്നത്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിനിടെ അറിയാതെയാണ് പിശക് സംഭവിച്ചത്. പുനഃപരിശോധനയിലും പിശക് കണ്ടെത്താനായില്ലെന്നും അതേപടി അച്ചടിക്കാൻ നൽകിയെന്നും മറുപടിയിൽ പറയുന്നു. റാം എന്ന പേര് കടന്നുകൂടിയത് ശ്രദ്ധിച്ചില്ലെന്ന് നർമദ വർമയും മറുപടി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home