പുഷ്പ രണ്ടിൻറെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ അപകടം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ഹെെദരാബാദ്: പുഷ്പ രണ്ടിൻറെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുൻ, അല്ലു അർജുൻറെ മാനേജർ, സ്റ്റാഫുകൾ, എട്ട് ബൗൺസർമാർ തുടങ്ങിയവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്. അല്ലു അർജുനെ 11-ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പൊലീസ് നമ്പള്ളി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒമ്പത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. 2024 ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തിൽ എം. രേവതിയെന്ന യുവതി മരിക്കുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.വലിയ ആൾക്കൂട്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സ്ഥലത്തെത്തിയെന്നും പ്രാദേശിക അധികാരികളുമായി കാര്യങ്ങൾ ഏകോപിപ്പിച്ചില്ലെന്നതുമാണ് അല്ലു അർജുനെതിരെയുള്ള കുറ്റം.
അപകടം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്റർ മാനേജ്മെൻറിനെതിരെയും കുറ്റപത്രത്തിൽ പരാമർശങ്ങളുണ്ട്. നടൻ സ്ഥലത്തെത്തുമെന്ന് മാനേജ്മെൻറിന് അറിയാമായിരുന്നു. എന്നാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികൾ ഇവർ സ്വീകരിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.










0 comments