ad
Deshabhimani

വിവാഹത്തിന് സമ്മതിച്ചില്ല; പഞ്ചാബി ഗായികയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, പ്രതിക്ക് കാനഡയിൽ വേറെ ഭാര്യയും

inder kaur punjabi
വെബ് ഡെസ്ക്

Published on May 20, 2026, 11:08 AM | 1 min read

ലുധിയാന: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പഞ്ചാബി ഗായികയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇന്ദർ കൗർ എന്ന യഷിന്ദർ കൗറിനെയാണ് ലുധിയാനയിലെ നീലോൺ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കാനഡയിൽ ഭാര്യയുള്ള സുഖ്‌വീന്ദർ സിങ് എന്നയാൾക്കെതിരെയും കൂട്ടാളികൾക്കെതിരെയും പൊലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോയി ആറാം നാളാണ് ഗായികയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുന്നത്.


കാനഡയിൽ സ്ഥിരതാമസമാക്കിയ മോഹ സ്വദേശിയായ സുഖ്‌വീന്ദർ സിങ് ഗായികയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബം ആരോപിച്ചു. എന്നാൽ ഇയാൾക്ക് കാനഡയിൽ ഭാര്യയുണ്ടെന്ന വിവരമറിഞ്ഞതോടെ ഇന്ദർ കൗർ വിവാഹാഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമായി കാനഡയിൽ നിന്നും പഞ്ചാബിലെത്തിയ സുഖ്‌വീന്ദർ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഗായികയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.


കഴിഞ്ഞ മെയ് 15-നാണ് ഇന്ദർ കൗറിനെ കാണാതാകുന്നത്. സഹോദരൻ ജോതീന്ദർ സിങ്ങിന്റെ പരാതിയിൽ പൊലീസ് അന്നുതന്നെ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പരാതി നൽകിയിട്ടും പൊലീസ് കൃത്യമായ സമയത്ത് അന്വേഷണം നടത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. സുഖ്‌വീന്ദറും കൂട്ടാളികളും ചേർന്ന് ഗായികയെ വകവരുത്തിയ ശേഷം മൃതദേഹം കനാലിൽ തള്ളുകയും, തുടർന്ന് പ്രതി കാനഡയിലേക്ക് കടന്നുകളയുകയുമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.


പ്രധാന പ്രതിയായ സുഖ്‌വീന്ദർ സിങ്ങിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുഖ്‌വീന്ദറിന്റെ പിതാവ് പ്രീതം സിങ്, കൂട്ടാളികളായ കരംജീത് സിങ്, രവീന്ദർ സിങ് എന്നിവരെ ജമാൽപൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടക്കുന്ന സമയത്ത് രവീന്ദർ പ്രതിക്കൊപ്പമുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി സമ്രാള സിവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 'സോനെ ദി ചിർഹി', 'ജീജ', 'സോഹ്ന ലഗ്ദാ' തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ പഞ്ചാബി സംഗീത ആസ്വാദകർക്കിടയിൽ ശ്രദ്ധേയയായ ഗായികയാണ് ഇന്ദർ കൗർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home