Deshabhimani

അമിതവേഗത്തിലെത്തിയ കാറിടിച്ച് എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

accident common rep
വെബ് ഡെസ്ക്

Published on Oct 19, 2026, 08:15 AM | 1 min read

സംഗ്രൂർ: അമിതവേഗത്തിലെത്തിയ കാറിടിച്ച് എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ലേഹ്രഗാഗ മേഖലയിലുള്ള ചോടിയൻ ഗ്രാമത്തിന് സമീപമാണ് സംഭവം. ജാഖൽ റോഡിൽ റോഡ് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന എട്ട് തൊഴിലാളികൾക്കിടയിലേക്ക് അമിത വേ​ഗത്തിലെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.


അപകടകരമായ വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്നിരുന്ന 20ലധികം തൊഴിലാളികളുടെ കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറോടിച്ചിരുന്ന റൈധ്രാന ഗ്രാമവാസിയായ പർഗത് സിംഗ് കാലയാണ് ഡ്രൈവർ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.


കർമജീത് കൗർ, നിക്കി, സർബ്ജീത് കൗർ, രഞ്ജീത് കൗർ, കർമ്മജീത്, റാണി കൗർ എന്നീ ആറു സ്ത്രീകളും ജീവൻ സിംഗ്, ദേശ് രാജ് എന്നീ രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഏഴു പേർ അലിഷർ ഗ്രാമവാസികളാണെന്നാണ് വിവരം. അഞ്ച് പേർ സംഭവസ്ഥലത്തും മറ്റുള്ളവർ ചികിത്സയ്ക്കിടെയുമാണ് മരണമടഞ്ഞത്.


അപകടത്തെക്കുറിച്ച് അറിഞ്ഞ് താൻ എത്തിയപ്പോൾ, അവിടെ ഗ്രാമവാസികൾ ആരും എത്തിയിരുന്നില്ലെന്നും ആറോളം മൃതദേഹങ്ങൾ റോഡരികിൽ കിടക്കുകയായിരുന്നുവെന്നും സംഭവ സ്ഥലത്ത് ആദ്യം എത്തിയ സമീപത്തെ ഫാക്ടറിയിലെ തൊഴിലാളിയായ ഹർവീന്ദർ സിംഗ് പറഞ്ഞു. മരിച്ചവരും പരിക്കേറ്റവരും പാവപ്പെട്ട തൊഴിലാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വാഹനം ആവശ്യപ്പെട്ടിട്ടും ആംബുലൻസ് സംഭവസ്ഥലത്ത് എത്താൻ ഏകദേശം ഒരു മണിക്കൂർ എടുത്തു എന്നും ഹർവീന്ദർ സിംഗ് ചൂണ്ടിക്കാട്ടി. "അവർ ആംബുലൻസ് കാത്ത് കിടന്ന് മരിച്ചു, അവരിൽ പലരും രക്തം വാർന്നാണ് മരിച്ചത്"-മറ്റൊരു ദൃക്സാക്ഷിയും പറഞ്ഞു. പൊലീസ് എത്തി ഏകദേശം 15 മിനിറ്റിന് ശേഷമാണ് പ്രതിയായ ഡ്രൈവർക്ക് സ്ഥലം വിട്ടുപോകാൻ കഴിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.


നിരവധി തൊഴിലാളികളും ഗ്രാമവാസികളും സംഭവസ്ഥലത്ത് തടിച്ചുകൂടുകയും അടിയന്തര നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നതിനായി റെയ്ഡുകൾ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home