Deshabhimani

ഗർഭകാല ഗോത്രഭവനങ്ങളും അടച്ചുപൂട്ടി; തിരിഞ്ഞുനോക്കാതെ സർക്കാർ

Sulthan Bathery Taluk Hospital Garbhakala Gothra Bhavan

ബത്തേരി താലൂക്ക്‌ ആശുപത്രിയിൽ അടച്ചുപൂട്ടിയ ഗർഭകാല ഗോത്രഭവനം

വെബ് ഡെസ്ക്

Published on Oct 19, 2026, 07:56 AM | 1 min read

ബത്തേരി: പട്ടികവർഗ ഗർഭിണികളുടെ ആശ്രയമായിരുന്ന ബത്തേരി താലൂക്ക്‌ ആശുപത്രിയിലെ ഗർഭകാല ഗോത്രഭവനങ്ങൾ അടച്ചുപൂട്ടി. ഗർഭിണികൾക്ക്‌ പ്രസവത്തിന്‌ തൊട്ടുമുന്പുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ താമസിക്കുന്നതിനായി എൽഡിഎഫ്‌ സർക്കാരാണ്‌ താലൂക്ക്‌ ആശുപത്രിയിൽ രണ്ട്‌ ഗോത്രഭവനങ്ങൾ ഒരുക്കിയത്‌.


2021ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഗോത്രഭവനങ്ങൾ ഉദ്‌ഘാടനം ചെയ്‌തത്‌. വിദൂര ഉന്നതികളിലെ ഗർഭിണികൾക്ക് പ്രസവസമയത്ത് ആശുപത്രിയിലെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക. പ്രസവത്തീയതി അടുക്കുമ്പോൾ കുടുംബാംഗത്തിന്റെ സഹായത്തോടെ ആശുപത്രിക്കുസമീപം താമസിക്കാനുള്ള സ‍ൗകര്യം ഒരുക്കുക. ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണം, പോഷകാഹാര നിർദേശം, കൗൺസലിങ് എന്നിവ നൽകുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. ആശുപത്രിയിലെത്താൻ വൈകുന്നതും വീട്ടിലെ പ്രസവംമൂലമുള്ള അപകടസാധ്യത കുറച്ച് സുരക്ഷിതമായ പ്രസവം ഉറപ്പാക്കാനും പദ്ധതിയിലൂടെ കഴിഞ്ഞിരുന്നു.


യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതോടെയാണ്‌ ഭവനങ്ങൾ പ്രവർത്തനരഹിതമായത്‌. അടഞ്ഞുകിടക്കുന്ന ഭവനങ്ങളുടെ ചുവരുകളിലും വാതിലിലും മാറാലകെട്ടിയ നിലയിലാണ്‌. പരിസരവും ശുചീകരിക്കാതെ മലിനമായി കിടക്കുകയാണ്‌. ഗോത്രഭവനങ്ങളിലൊന്ന്‌ അടുത്തകാലത്ത്‌ ആംബുലൻസ്‌ ഡ്രൈവർമാരുടെ വിശ്രമകേന്ദ്രമായും മാറ്റിയിട്ടുണ്ട്‌.


​ബത്തേരി ബ്ലോക്ക്‌ പഞ്ചായത്തിനാണ്‌ ആശുപത്രിയുടെ ഭരണച്ചുമതല. ആശുപത്രിക്കെതിരെ നിരവധി പരാതികളാണ്‌ അടുത്തിടെ ഉയർന്നത്‌. എക്‌സറേ ഫ-ിലിം ഇല്ലാത്തതിനാൽ രോഗികൾക്ക്‌ എക്‌സറേ ഫോട്ടോയെടുത്ത്‌ നൽകിയതിൽ പ്രതിഷേധമുയർന്നിരുന്നു. ജീവൻരക്ഷാ മരുന്നുകളടക്കം പല മരുന്നുകളുടെ ക്ഷാമവും നേരിട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റ ആദിവാസി വയോധികനെ മതിയായ ചികിത്സ നൽകാതെ വിടുതൽ നൽകിയതിനാൽ മരിച്ചതായും ആരോപണമുയർന്നിരുന്നു. ആശുപത്രിയിൽ ശുചീകരണപ്രവൃത്തി പേരിനുമാത്രമാണെന്നും പരാതിയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home