വിത്തില്ല, നെൽകർഷകർ പ്രതിസന്ധിയിൽ; നിലം ഒരുക്കി കാത്തിരിക്കുന്നവരെ സർക്കാർ വഞ്ചിച്ചു

കൃഷിയ്‌ക്കായി വെള്ളം വറ്റിച്ചു തയ്യാറാക്കിയ ഞാറ്റുകണ്ടം വിത്ത് ലഭിക്കാത്തതിനെ തുടർന്ന് കൃഷിയിറക്കാത്തതിനാൽ പായൽ അടിഞ്ഞ നിലയിൽ

മുകേഷ് കൊങ്ങണൂർ
Published on Oct 19, 2026, 07:41 AM | 1 min read
കുന്നംകുളം: തുലാംമാസം പിറന്നിട്ടും വിത്ത് കിട്ടാനില്ലാത്തതിനാൽ പ്രതിസന്ധിയിലായി ജില്ലയിലെ നെൽകർഷകർ. തിരുത്തികാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയെ ആശ്രയിച്ച് പരമ്പരാഗതമായി കൃഷി ചെയ്യുന്ന കുന്നംകുളം കോൾമേഖലയിലടക്കം കർഷകർ സംസ്ഥാന കൃഷിവകുപ്പിന്റെ അനാസ്ഥയെ തുടർന്ന് വലിയ ആശങ്കയിലാണ്. അധികജലം നൂറടിതോടിലേക്ക് പമ്പ് ചെയ്തു നിലമൊരുക്കി കാത്തിരിക്കുന്ന കർഷകർക്ക് ദിവസങ്ങൾക്കുള്ളിൽ ഞാറ്റടി തയ്യാറാക്കാൻ സാധിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും.
തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി വിത്ത് വിതരണത്തിന് സാഹചര്യമൊരുക്കിയെങ്കിലും വിത്തുവിതരണ ഏജൻസികളെ ബന്ധപ്പെട്ട് വിത്ത് ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കെഎസ്എസ്ഡിഎ, എൻഎസ്‌സി, ആർഎആർഎസ് തുടങ്ങിയ ഏജൻസികളെയാണ് വിത്ത് വിതരണത്തിന് സർക്കാർ നിയോഗിച്ചിട്ടുള്ളത്.
അപേക്ഷകളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുന്ന കർഷകർക്ക് വിത്ത് നൽകാമെന്ന് ഏറ്റ തീയതികൾ മൂന്ന് തവണ മാറ്റിയെന്ന് മുതുവമ്മൽ താഴം കോൾപ്പടവ് കമ്മിറ്റി പ്രസിഡന്റ് കെ എം മജീദ് പറഞ്ഞു. ഞാറ്റടി വൈകിയാൽ കൃഷിക്കാവശ്യമായ ജലലഭ്യത കുറയുമെന്ന ഭയത്താൽ പല കർഷകരും സ്വകാര്യ ഏജൻസികളിൽ നിന്നും വലിയ തുകയ്ക്ക് വിത്ത് വാങ്ങാൻ നിർബന്ധിതരാകുകയാണെന്ന് വെട്ടിക്കടവ് കോൾകൃഷി സംഘം പ്രസിഡന്റ് വേലായുധൻ തിരിത്തികാട് പറഞ്ഞു.
കിലോക്ക് 46 രൂപയാണ് ഇത്തരം ഏജൻസികൾ വിത്തിന് ഇൗടാക്കുന്നത്. 10 ഏക്കർ കൃഷിക്ക് 300 മുതൽ 350 കിലോ വരെ വിത്ത് വേണം. സൗജന്യ നിരക്കിലുള്ള വിത്ത് കിട്ടിയില്ലെങ്കിൽ വലിയ അധികസാന്പത്തിക ബാധ്യതയാണ് കർഷകർക്ക് ഉണ്ടാക്കുക. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നെൽ കർഷകരെ സംരക്ഷിക്കാനുണ്ടായിരുന്ന പദ്ധതികൾ യുഡിഎഫ് അട്ടിമറിച്ചതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്.



0 comments