പഞ്ചാബിൽ 17 ഗ്രാം ഹെറോയിനുമായി പൊലീസ് ഉദ്യോഗസ്ഥ പിടിയിൽ

ചണ്ഡീഗഡ് : പഞ്ചാബിൽ 17.71 ഗ്രാം ഹെറോയിനുമായി പൊലീസ് ഉദ്യോഗസ്ഥ പിടിയിലായി. സീനിയർ പൊലീസ് ഓഫീസറായ അമൻദീപ് കൗറാണ് ഹെറോയിനുമായി അറസ്റ്റിലായത്. ഇതിനു പിന്നാലെ അമൻദീപിനെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബ് പൊലീസിന്റെ ലഹരി വിരുദ്ധ ഡ്രൈവായ യുദ്ധ് നഷേയൻ വിരുദ്ധിനിടെയാണ് കൗർ പിടിയിലാകുന്നത്.
മൻസ സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്നു അമൻദീപ് കൗർ. ബത്തിൻഡയിലെ ബാദൽ ഫ്ലൈഓവറിൽ പൊലീസും ആന്റി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സും സംയുക്തയമായി വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്.
അമൻദീപിന്റെ മഹീന്ദ്ര എസ്‍യുവി ഥാറിൽ നിന്നുമാണ് ഹെറോയിൻ പിടികൂടിയത്. വാഹനത്തിൽ അമൻദീപിനൊപ്പം ജസ്വന്ത് സിങ് എന്ന സുഹൃത്തുമുണ്ടായിരുന്നു. ഇയാളെയും അറസ്റ്റ് ചെയ്തതായി ഡിഎസ്പി ഹർഭൻസ് സിങ് പറഞ്ഞു.
നർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം ബത്തിൻഡ പൊലീസാണ് കൗറിനെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ഥാർ ഓടിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്ത് ശ്രദ്ധിക്കപ്പെട്ട ഉദ്യോഗസ്ഥയാണ് അമൻദീപ്.










0 comments