Deshabhimani

അമരീന്ദർ സിങ് പുറത്തേക്ക്‌

print edition പഞ്ചാബ്‌ 
കോൺഗ്രസിൽ 
പൊട്ടിത്തെറി

amarender
വെബ് ഡെസ്ക്

Published on Oct 02, 2026, 12:50 AM | 1 min read

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾ മാത്രം ശേഷിക്കേ പഞ്ചാബ്‌ കോൺഗ്രസിൽ തമ്മിലടി രൂക്ഷം. സംസ്ഥാന കോൺഗ്രസ്‌ അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ്‌ പഞ്ചാബ്‌ കോൺഗ്രസ്‌ അധ്യക്ഷപദവി രാജിവെച്ചതായി റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ആഭ്യന്തരകലഹം പൊട്ടിത്തെറിയിൽ കലാശിച്ചതോടെ അമരീന്ദർ സിങ്ങിനെ മാറ്റാൻ ഹൈക്കമാൻഡ്‌ തീരുമാനിച്ചതായും ഒ‍ൗദ്യോഗിക തീരുമാനം പുറത്തുവരുന്നതിന്‌ അദ്ദേഹം രാജിവെച്ച്‌ ഒഴിയുകയായിരുന്നെന്നും കോൺഗ്രസ്‌ വൃത്തങ്ങൾ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ സ്വന്തം അക്ക‍ൗണ്ടുകളിൽ അമരീന്ദർ സിങ്‌ ‘പിപിസിസി മുൻ പ്രസിഡന്റ്‌’ എന്ന്‌ തിരുത്തൽ വരുത്തിയതും രാജിവാർത്തകളെ സാധുകരിക്കുന്നു. രാജിവെച്ചോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടി നൽകാൻ അമരീന്ദർ തയ്യാറായില്ല.


2022ലാണ്‌ അമരീന്ദർ സിങ് പഞ്ചാബ്‌ കോൺഗ്രസ്‌ അധ്യക്ഷപദവിയിലെത്തിയത്‌. മുൻ മുഖ്യമന്ത്രി ചരൺജിത്‌ സിങ്‌ ചന്നിയെ പിന്തുണയ്‌ക്കുന്ന വിഭാഗവും അമരീന്ദർ സിങ്‌ വിഭാഗവും തമ്മിലുള്ള പടലപ്പിണക്കം തമ്മിലടിയിലേക്കും പൊട്ടിത്തെറിയിലേക്കും ന‍ീങ്ങിയതിനെ തുടർന്നാണ്‌ അറ്റകൈ പ്രയോഗമെന്ന നിലയ്‌ക്ക്‌ നേതൃമാറ്റമെന്ന തീരുമാനത്തിലേക്ക്‌ ഹൈക്കമാൻഡ്‌ എത്തിയത്‌. അമരീന്ദർ സിങ്ങിനെ അധ്യക്ഷ സ്ഥാനത്ത്‌ നിലനിർത്തി ചരൺജിത്‌ സിങ് ചന്നിയെ തെരഞ്ഞെടുപ്പ്‌ സമിതി അധ്യക്ഷനാക്കിയുള്ള ഒത്തുതീർപ്പ്‌ ഫോർമുല നേരത്തെ പരാജയപ്പെട്ടിരുന്നു.

സച്ചിൻ പൈലറ്റിനെ പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചതിന്‌ പിന്നാലെയാണ്‌ നേതൃമാറ്റത്തെ കുറിച്ച്‌ ഹൈക്കമാൻഡ്‌ ഗ‍ൗരവമായി ആലോചിച്ച്‌ തുടങ്ങിയത്‌. സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തിയും ഇരുപക്ഷത്തെയും നേതാക്കളുമായി സംസാരിച്ചും സച്ചിൻ പൈലറ്റ്‌ വിശദമായ റിപ്പോർട്ട്‌ നേതൃത്വത്തിന്‌ സമർപ്പിച്ചിരുന്നു.


മുൻമന്ത്രി വിജയ്‌ ഇന്ദർ സിംഗ്ലയുടെ പേരാണ്‌ അധ്യക്ഷ സ്ഥാനത്തേക്ക്‌ ഉയർന്നുകേൾക്കുന്നത്‌. പർഗത്‌ സിങ്,‍ സുഖ്‌ജിന്ദർ സിങ്‌ രൺധാവ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്‌. അന്തിമതീരുമാനം ഉടനുണ്ടായേക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home