കുടുംബകലഹം; അമ്മായിയമ്മയെ മരുമകൾ കഴുത്തറുത്ത് കൊന്നു

പൂനെ: കുടുംബ തർക്കത്തെത്തുടർന്ന് 80 വയസുള്ള അമ്മായിയമ്മയെ 60 വയസുള്ള മരുമകൾ കഴുത്തറുത്ത് കൊന്നു. പൂനെ അംബേഗാവ് ബുദ്രുകിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സുമൻ അണ്ണാസാഹേബ് ഷിൻഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ അനുപമ സഞ്ജയ് ഷിൻഡെയെ ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീട്ടുകാര്യങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീണ്ടും തർക്കമുണ്ടായതോടെ പ്രകോപിതയായ മരുമകൾ അടുക്കള കത്തിയുമായി അമ്മായിയമ്മയുടെ കിടപ്പുമുറിയിൽ പ്രവേശിച്ചു. ആദ്യം നെഞ്ചിലും കൈകളിലും കുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സീനിയർ ഇൻസ്പെക്ടർ രാഹുൽ ഖിലാരെ അറിയിച്ചു. വയോധിക സഹായത്തിനായി നിലവിളിച്ചെങ്കിലും വീട്ടിൽ മറ്റാരുമില്ലാതിരുന്നതിനാൽ ആരും കേട്ടില്ല.
സംഭവസമയത്ത് വീട്ടമ്മയുടെ ഭർത്താവും മക്കളും സ്ഥലത്തുണ്ടായിരുന്നില്ല. വൈകിട്ട് ഭർത്താവ് വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയും കത്തിയുമായി നിൽക്കുന്ന ഭാര്യയെയുമാണ് കണ്ടത്. തുടർന്ന് ഇദ്ദേഹം ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. ഇതിനിടെ വീട്ടമ്മ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










0 comments