പുണെ വിമാനത്താവളത്തിൽ വ്യോമസേന വിമാനത്തിന്റെ അടിയന്തര ലാൻഡിംഗ്; റൺവേ അടച്ചു, വിമാനങ്ങൾ വൈകും

പുണെ വിമാനത്താവളത്തിൽ ഹാർഡ് ലാൻഡിങ് നടത്തിയ എയർ ഫോഴ്‌സിന്റെ വിമാനം
പുണെ: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം റൺവേയിൽ അടിയന്തരമായി ഇറക്കിയതിനെത്തുടർന്ന് പുണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
ലാൻഡിംഗിനിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയും 'ഹാർഡ് ലാൻഡിംഗ്' നടത്തുകയുമായിരുന്നു. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ ഏക റൺവേ താൽക്കാലികമായി അടച്ചു. ഇതോടെ പുണെയിലേക്കുള്ള നിരവധി വിമാനങ്ങൾ മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലേക്ക് തിരിച്ചുവിട്ടു.
പുറപ്പെടേണ്ട വിമാനങ്ങളും വൈകുകയാണ്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ സുരക്ഷിതരാണെന്നും സിവിൽ ആസ്തികൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. റൺവേയിൽ കുടുങ്ങിയ വിമാനം നീക്കം ചെയ്യാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ്.
റൺവേ സാധാരണ നിലയിലാകാൻ ഏകദേശം അഞ്ച് മണിക്കൂറോളം സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവള പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതോടെ യാത്രക്കാർ വലഞ്ഞു. വ്യോമസേനയുടെയും സിവിൽ ഏവിയേഷന്റെയും സംയുക്ത നിയന്ത്രണത്തിലുള്ള വിമാനത്താവളമാണ് പുണെയിലേത്.
വഴിതിരിച്ചുവിട്ട വിമാനങ്ങളുടെയും വൈകുന്ന സർവീസുകളുടെയും വിവരങ്ങൾ എയർലൈനുകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാരോട് നിർദ്ദേശിച്ചു.










0 comments