print edition നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം: പുതുച്ചേരി കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് വിമതർ

പി ദിനേശൻ
Published on Jul 27, 2026, 12:00 AM | 1 min read
പുതുച്ചേരി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത തോൽവിക്കു പിന്നാലെ, നേതൃമാറ്റ ആവശ്യവുമായി വിമതർ. തെരഞ്ഞെടുപ്പ് നയിച്ച പിസിസി പ്രസിഡന്റും മുൻ മുഖ്യമന്ത്രി വി വൈദ്യലിംഗത്തെ മാറ്റണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കത്ത് നൽകിയിരിക്കുകയാണ് വിമതർ. നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് ഒറ്റ സീറ്റിൽ ഒതുങ്ങിയതെന്നും പിസിസി പുനഃസംഘടിപ്പിച്ചില്ലെങ്കിൽ പാർടി പൂർണമായി ഇല്ലാതാകുമെന്നുമാണ് വിമതരുടെ മുന്നറിയിപ്പ്. പുതുച്ചേരിയുടെ പുതിയ ചുമതലക്കാരനായ ഗുലാം അഹമ്മദ് മിറിനും തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ കോൺഗ്രസിന്റെ ശക്തിദുർഗമായിരുന്ന പുതുച്ചേരിയിൽ മുൻ പിസിസി പ്രസിഡന്റും മുൻ മന്ത്രിമാരുമടക്കമുള്ളവർ ബിജെപിയിൽ ചേർന്നതോടെയാണ് തകർച്ച ആരംഭിച്ചത്. ഇത്തവണ മത്സരിച്ച 22 മണ്ഡലത്തിൽ പത്തിടത്ത് കെട്ടിവച്ച പണംപോലും ലഭിച്ചില്ല. ഏഴിടത്ത് നാലാം സ്ഥാനത്തും രണ്ടിടത്ത് മൂന്നാമതും 12 മണ്ഡലത്തിൽ രണ്ടാമതുമാണ്. പിസിസി പ്രസിഡന്റ് വി വൈദ്യലിംഗത്തിനും കെട്ടിവച്ച പണം നഷ്‌ടമായി.
സഖ്യകക്ഷിയായിരുന്ന ഡിഎംകെയുമായി കോൺഗ്രസ് സൗഹൃദ മത്സരത്തിനിറങ്ങിയതും എൻആർ കോൺഗ്രസ്–ബിജെപി സഖ്യത്തിന് വിജയം എളുപ്പമാക്കി. എൻആർ കോൺഗ്രസ് കഴിഞ്ഞാൽ സംസ്ഥാനത്ത് കൂടുതൽ വോട്ട് നേടിയത് ടിവികെയാണ്. സിറ്റിങ് സീറ്റായ മാഹിയിലും കോൺഗ്രസ് പരാജയപ്പെട്ടു. മാഹിയിൽ കോൺഗ്രസ് വോട്ട് ബിജെപിയിലേക്ക് ഒഴുകിയതിനുപിന്നിലെ ഡീലും ചർച്ചയാണ്.










0 comments