ഡല്‍ഹിയില്‍ പൊതുഗതാഗതം പൂർണമായി സ്തംഭിപ്പിച്ചു; സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹർജി

ന്യൂഡൽഹി : ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി. മെട്രോ, റെയിൽ, റോഡുകൾ തുടങ്ങിയവ പൂർണമായും അടച്ചിടരുതെന്ന വിധി ലംഘിച്ചതിനെതിരെയാണ് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്.
ഒക്ടോബർ 9 ലെ കോടതി ഉത്തരവ് മനപ്പൂർവ്വം ലംഘിച്ചുവെന്ന് ഹർജിയിൽ പറഞ്ഞു. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് കോടതി അലക്ഷ്യ ഹർജി സമർപ്പിച്ചത്. ജൂലൈയിൽ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിലെ അക്രമ സംഭവങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും ശൈലേന്ദ്ര മണി ത്രിപാഠി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഐഎഎസ്, ഡൽഹി പോലീസ് കമീഷണർ അനുരാഗ് കുമാർ ഐപിഎസ്, ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ചെയർപേഴ്‌സൺ ഡി താര ഐഎഎസ് എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
സമരത്തിനെത്തുന്നവരെ തടയാൻ അടച്ച 57 മെട്രോ സ്‌റ്റേഷനും ന്യൂഡൽഹി, നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനുകളും തുറക്കാൻ കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. എല്ലാം സ്‌തംഭിപ്പിക്കാനാകില്ലെന്നും സമ്പൂർണ അടച്ചിടൽ എന്നാൽ നിയന്ത്രണമല്ലെന്നും നിരോധനത്തിന് തുല്യമാണെന്നും ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ ഈ ഉത്തരവ് ലംഘിച്ചാണ് ഡൽഹിയിൽ പൊതുഗതാഗതം സ്തംഭിപ്പിച്ചിരിക്കുന്നത്.








0 comments