മൊബൈൽ ടവറുകൾ ഓഫ് ചെയ്തു
ബലപ്രയോഗത്തിന് മുൻപേ നിയമ സഹായം തടഞ്ഞു: സിജെപി ലീഗൽ സെൽ മേധാവി ഉൾപ്പെടെ അഭിഭാഷക സംഘം തടങ്കലിൽ

ന്യൂഡൽഹി:ജന്തര്‍മന്തര്‍ പ്രക്ഷോഭര്‍ക്കെതിരെ പൊലീസും സേനയും ചേര്‍ന്ന് നടത്തിയ ബല പ്രയോഗത്തിന് മുൻപേ തന്നെ അവര്‍ക്ക് നിയമസഹായം ലഭിക്കാനുള്ള വഴിയടച്ച് കേന്ദ്ര സര്‍ക്കാര്‍. കോക്രോച്ച് ജനതാ പാര്‍ടിയുടെ ലീഗൽ ടീം മേധാവി രത്നാ സിങ്ങിന്റെ വീട്ടിൽ രാവിലെ തന്നെ എത്തിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കണ്ടെത്താനാവാതെ വന്നതോടെ അഭിഭാഷക സംഘം സഞ്ചരിച്ച വാഹനങ്ങൾ ലക്ഷ്യമാക്കി. ഔദ്യോഗിക നോട്ടീസോ വാറന്റോ ഇല്ലാതെ വാഹനം തടഞ്ഞു നിര്‍ത്തി. രത്നാ സിങ്ങിനെയും മൂന്ന് അഭിഭാഷകരെയുമാണ് വാഹനത്തോടെ തന്നെ ബന്തവസിലാക്കിയത്.
പൊലീസ് സംഘം വീട്ടിൽ എത്തിയത് രത്നാ സിങ് സ്ഥിരീകരിച്ചു. "ഔദ്യോഗിക നോട്ടീസ് വല്ലതും കയ്യിലുണ്ടോ എന്ന് ഞങ്ങൾ ചോദിച്ചെങ്കിലും അവരുടെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല. നിങ്ങളെ കസ്റ്റഡിയിലെടുക്കാൻ മുകളിൽ നിന്ന് ഉത്തരവുണ്ടെന്ന് മാത്രമാണ് പറഞ്ഞത്," അവർ വ്യക്തമാക്കി.
നാല് അഭിഭാഷകര്‍ ഉൾപ്പെടുന്ന സംഘത്തെ 25 ൽ അധികം വരുന്ന പൊലീസ് സംഘം വാഹനത്തോടെ വഴിയിൽ തടയുകയാണ് ഉണ്ടായത്. ഇവര്‍ നിയമോപദേശം നൽകന്നതും ഇതര നേതാക്കളുമായി ബന്ധപ്പെടുന്നതും ഉൾപ്പെടെ വിലക്കി.
സമാന രീതിയിൽ CJP സ്ഥാപകൻ അഭിജീത് ഡിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെയും വഴിയിൽ വെച്ച് തടങ്കലിലാക്കുന്ന നിയമ വിരുദ്ധമായ തന്ത്രമാണ് പ്രയോഗിച്ചത്.
ജൻപത് - കർത്തവ്യ പഥ് ക്രോസിംഗിന് ചുറ്റുമുള്ള 4 കിലോമീറ്റർ പരിധിയിൽ ഒക്ടോബർ 9 രാത്രി 10 മണി മുതൽ ഒക്ടോബർ 10 രാത്രി 10 മണി വരെ ഇന്റർനെറ്റ് സേവനങ്ങൾ നിര്‍ബന്ധമായി തടഞ്ഞിരിക്കയാണ്. ആശയവിനിമയ സൗകര്യങ്ങളും യാത്രാ മാര്‍ഗ്ഗങ്ങളും മുടക്കരതെന്ന സുപ്രീം കോടതി ഉത്തരവ് മറികടന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കങ്ങൾ.
ഛത്രസാൽ സ്റ്റേഡിയം ഉൾപ്പെടെ ആറ് കേന്ദ്രങ്ങളാണ് ഇതര പ്രക്ഷോഭകരെ തടങ്കലിലാക്കാൻ പൊലീസ് ഉപയോഗിക്കുന്നത്. സര്‍വ ജനാധിപത്യ മര്യാദകളും മറികടന്നാണ് ബല പ്രയോഗവും കസ്റ്റഡിയും. സിപിഐ എം നേതാക്കളെ ഉൾപ്പെടെ സമാന രീതിയിൽ പ്രത്യക്ഷമായി ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയി.

പ്രതിഷേധ രംഗത്തിറങ്ങിയ സുപ്രീം കോടതി അഭിഭാഷകരെ ഉൾപ്പെടെ കൂട്ടത്തോടെ പൊലീസ് പിടിച്ചുകൊണ്ടു പോയി.









0 comments