print edition ഗ്യാനേഷിനെ പുറത്താക്കാൻ പ്രക്ഷോഭം കനക്കും

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാക്കാൻ പ്രതിപക്ഷ പാർടികളും ബഹുജന സംഘടനകളും. നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യാ കൂട്ടായ്മ റാലി പ്രഖ്യാപിച്ചിട്ടുണ്ട്. പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ കൂട്ടായ്മയും പ്രതിഷേധങ്ങൾ വിപുലമാക്കും. വരുംദിവസങ്ങളിലും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ ഏകോപന സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. അടുത്തഘട്ട സമരപ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും.
ഇതിനിടെ, ഡൽഹിയിൽ തുടർപ്രക്ഷോഭങ്ങളുണ്ടാകുന്നത് തടയാൻ കേന്ദ്രസർക്കാർ കർശനനടപടികളുമായി മുന്നോട്ടുപോവുകയാണ്. സ്ഥിരം സമരവേദിയായ ജന്തർമന്തർ പൂർണമായും അടച്ചുകൊണ്ടാണ് പ്രക്ഷോഭങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നത്. 273 കമ്പനി കേന്ദ്രസേനയെയാണ് ഡൽഹിയിൽ അധികമായി വിന്യസിച്ചത്. ഏതാണ്ട് ഇരുപതിനായിരത്തോളം സൈനികർ. പ്രത്യേക വനിതാ യൂണിറ്റുകളെയും രംഗത്തിറക്കി.
ഡൽഹി പൊലീസ് ആക്റ്റ് ദുരുപയോഗിച്ച് പ്രക്ഷോഭത്തിൽ മുൻനിരയിലുള്ളവരുടെ മനോവീര്യം തകർക്കാനും ശ്രമമുണ്ട്. അറസ്റ്റ് ചെയ്ത ശേഷം കർശന വ്യവസ്ഥകളോടെയുള്ള വിടുതൽ ബോണ്ടിൽ ഒപ്പിടിവിക്കുന്നു. സിജെപി നേതാക്കളെ കൊണ്ട് ഇത്തരം ബോണ്ടുകളിൽ ഒപ്പുവെപ്പിച്ചു. ബോണ്ടിനെതിരെ നിയമപോരാട്ടത്തിലാണ് ഐസ പ്രസിഡന്റ് നേഹ ബോറ. ഡൽഹി പൊലീസ് നടപടിയെ ഹൈക്കോടതി ശരിവെച്ചെങ്കിലും ബോണ്ടിൽ ഒപ്പുവയ്ക്കില്ലെന്ന് നേഹ വ്യക്തമാക്കി.
ഡൽഹിയിൽ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച മാർച്ച് വിജയമായതോടെ കേന്ദ്രസർക്കാരും സുരക്ഷാഏജൻസികളും ആശങ്കയിലാണ്. അതേസമയം, ഇന്ത്യാ കൂട്ടായ്മ നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് നടത്തുന്ന റാലി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടന രംഗത്തെത്തി. ദീപാവലി സീസണായതിനാൽ കച്ചവടത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) കത്തയച്ചു. നവംബർ 10ന് ശേഷം റാലി നടത്തണമെന്നാണ് ആവശ്യം.









0 comments