ad
Deshabhimani

സി ബി എസ് സി ലിസ്റ്റിൽ മലയാളവും പുറത്ത്

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ പഞ്ചാബും: എല്ലാ വിദ്യാലയങ്ങളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കി

protest against hindi imposition
വെബ് ഡെസ്ക്

Published on Feb 27, 2025, 02:09 PM | 3 min read

ചണ്ഡീഗഡ്: സി ബി എസ് സി പരീക്ഷാ പരിഷ്കരണങ്ങളുടെ മറവിൽ പ്രദേശിക ഭാഷകളെ പുറം തള്ളാനുള്ള നീക്കത്തിൽ അണിചേർന്ന് പഞ്ചാബ് സർക്കാരും രംഗത്ത്. സ്‌കൂളുകളിൽ പഞ്ചാബി പഠനം നിര്‍ബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള എല്ലാ ബോര്‍ഡുകള്‍ക്കും കീഴിലുള്ള സ്‌കൂളുകളിലും പഞ്ചാബി പഠിപ്പിക്കുന്നത് നിർബന്ധമാക്കി ഉത്തരവിട്ടു. പഞ്ചാബി ഭാഷ പ്രധാന വിഷയമായി പഠിച്ചാല്‍ മാത്രമേ പത്താം ക്ലാസ് പാസായതായി കണക്കാക്കൂ എന്ന് വിഞ്ജാപനത്തിൽ വ്യക്തമാക്കുന്നു.


പ്രതിഷേധം പടർത്തിയത്

സി ബി എസ് സി നീക്കം

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സി.ബി.എസ്.ഇയുടെ കരട് പരീക്ഷാ ചട്ടം പുറത്ത് വന്നതിന് പിന്നാലെയാണ് പഞ്ചാബ് സര്‍ക്കാരിന്റെ തത്സമയ പ്രതികരണം. കരട് ചട്ടത്തില്‍ പത്താം ക്ലാസില്‍ പഠിക്കേണ്ട ഭാഷാ വിഷയങ്ങളില്‍ നിന്ന് പഞ്ചാബി, മലയാളം തുടങ്ങിയ ഭാഷകളെ ഒഴിവാക്കിയിരുന്നു. അതേ സമയം ഹിന്ദി നിർബന്ധിത ഭാഷയായി തുടരുകയും ചെയ്യുന്നു.


ദേശീയ വൈവിധ്യങ്ങളെയും സാംസ്കാരിക ധാരകളെയും തകർക്കുന്ന നീക്കങ്ങള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബയിന്‍സ് പറഞ്ഞു. മാതൃക എന്ന നിലയിൽ മാത്രം ചില ഭാഷാ വിഷയങ്ങൾ നിർദ്ദേശിക്കയായിരുന്നു എന്നാണ് എതിർപ്പ് ഉയർന്നതോടെ സി ബി എസ് സി അധികാരികളുടെ വിശദീകരണം.

നിലവിൽ 9,10 ക്ലാസുകളിൽ 16 അക്കാദമിക വിഷയങ്ങളാണ് നിർദ്ദേശിക്കുന്നത്. 23 നൈപുണ്യ ശേഷി വിഷയങ്ങളും 45 ഭാഷാ വിഷയങ്ങളും നിർദ്ദേശിക്കുന്നു. ഇതിൽ നിന്നും മൂന്ന് അക്കാദമിക വിഷയങ്ങളും രണ്ട് ഭാഷാ വിഷയങ്ങളുമാണ് വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കുവാൻ അവസരം നൽകുന്നത്.


protest against hindi imposition


തെലങ്കാനയും തമിഴ് നാടും

പഞ്ചാബിൽ എല്ലാ സ്‌കൂളുകളിലും ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഞ്ചാബി പഠിപ്പിക്കണമെന്ന് 2021-ല്‍ സര്‍ക്കാര്‍ നിയമം കൊണ്ടു വന്നിരുന്നു. തെലങ്കാനയും സമാനമായ രീതിയിൽ സി.ബി.എസ്.ഇ. ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും തെലുങ്ക് നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് ഉത്തരവിട്ടു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം തമിഴ്നാടും തുടക്കം മുതൽ ചെറുത്തു.തമിഴ് ഭാഷയ്ക്കും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ദ്രോഹകരമായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കി.


മലയാളവും പഞ്ചാബിയും ഒഴിവാക്കി;

സൂചനാ പട്ടിക മാത്രമെന്ന് വിശദീകരണം


സി ബി എസ് സി ഇപ്പോൾ മുന്നോട്ട് വെച്ച പട്ടികയിൽ മലയാളവും പഞ്ചാബിയും ഉൾപ്പെടെ പ്രാദേശിക ഭാഷകൾ ഇല്ല. സയൻസ്, കണക്ക് സോഷ്യൽ സയൻസ്, ഹിന്ദി ഇംഗ്ലീഷ് എന്നിവയാണ് നിർബന്ധിത വിഷയങ്ങൾ. ഇതര വിഷയങ്ങളെ രണ്ട് ഗ്രൂപ്പായി തിരിച്ചിരിക്കുന്നു.

ഇങ്ങനെ വേർതിരിച്ച ആദ്യ ഗ്രൂപ്പിലെ പ്രാദേശിക ഭാഷകളും വിദേശ ഭാഷകളും എന്ന വിഭാഗത്തിലാണ് അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷകൾ പട്ടികയിൽ ഇല്ല. രണ്ടാം ഗ്രൂപ്പിൽ മുഖ്യഗണത്തിന് പുറത്തുള്ള ഭാഷായിതര വിഷയങ്ങളാണ്.


ഹിന്ദി ക്ലാസിക്കൽ പദവിക്ക് പുറത്തുള്ള ഭാഷ

ഇന്ത്യൻ ഭാഷകളിൽ ക്ലാസ്സിക്കൽ ഭാഷാപദവിയുള്ളതാണ് മലയാളം. നിലവിൽ 11 ഭാഷകളാണ് ഇന്ത്യയിൽ ക്ലാസിക്കൽ എന്ന അംഗീകാരം നേടിയിട്ടുള്ളത്. 2013 ലാണ് മലയാളത്തിന് ക്ലാസിക്കൽ പദവി ലഭിച്ചത്.

നേരത്തെ മലായത്തിനൊപ്പം രാജ്യത്ത് ആറു ഭാഷകൾക്കാണ് ശ്രേഷ്ഠ ഭാഷാപദവി കല്പിച്ചിരുന്നത്. 2024 ൽ മോഡി സർക്കാർ അഞ്ച് ഭാഷകൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു. നിബന്ധനകൾക്ക് അനുസൃതമായ കാലപ്പഴക്കവും വൈവിധ്യവും ഇല്ലാത്തതിനാൽ ഹിന്ദി ഈ ഗണത്തിൽ വരുന്നില്ല.


സി ബി എസ് സി സിലബിസിൽ പുതിയ ഉപ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ സംസ്കൃതം, തമിഴ്, ബംഗാളി, തെലുഗു, മറാത്തി, ഗുജറാത്തി, മണിപ്പൂരി, ഉറുദു, കശ്മീരി ഭാഷകളെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവയിൽ ഗുജറാത്തി, മണിപ്പൂരി, കശ്മീരി ഭാഷകൾ ക്ലാസിക്കൽ ഭാഷാ വിഭാഗത്തിൽ വരാത്തവയാണ്. പ്രതിഷേധം ഉയർന്നതോടെ ഇത് സൂചനാ പട്ടിക മാത്രമാണ് എന്ന് വിശദീകരിക്കയാണ് സി ബി എസ് സി ചെയ്തത്. ഹിന്ദി ഒന്നാം വിഷയമായി നിർബന്ധിത പട്ടികയിലാണ്.


9,10 ക്ലാസുകളിൽ ഫൈനൽ പരീക്ഷകൾക്ക് രണ്ട് അവസരം നൽകുന്ന തീരുമാനം നടപ്പാക്കുന്നതിന് തുടർച്ചയായാണ് സി ബി എസ് സി സിലബസിൽ നിന്നും പ്രാദേശിക ഭാഷകളെ നിർബന്ധമല്ലാതാക്കി പുറത്താക്കുന്ന നീക്കം വീണ്ടും വിവാദത്തിലായത്. നരേന്ദ്ര മോഡി സർക്കർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടു പിടിച്ചാണ് പരിഷ്കാരങ്ങൾ.  പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഏപ്രിലിന് മുൻപ് തന്നെ അന്തിമ മാനദണ്ഡങ്ങൾ നടപ്പാക്കാനുള്ള നീക്കമാണ്. ഇപ്പോൾ പ്രസിധീകരിച്ചിട്ടുള്ള കരടിൽ മാർച്ച് 9 വരെ നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. അതിനു ശേഷം തീരുമാനം നടപ്പാക്കും എന്നാണ് അറിയിപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home