25 കോടി തൊഴിലാളികൾ അണിചേർന്നു
തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യം ഐക്യപ്പെട്ട പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്രസർക്കാരന്റെ തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ നയങ്ങൾക്കെതിരായുള്ള ബുധനാഴ്ചത്തെ അഖിലേന്ത്യ പണിമുടക്ക് രാജ്യം ഒറ്റക്കെട്ടായുള്ള പ്രതിഷേധമായി. 10 തൊഴിലാളി യൂണിയനുകളാണ് രാജ്യവ്യാപകമായി പ്രതിഷേധത്തിനിറങ്ങിയത്. 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രതിഷേധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എല്ലാ വിഭാഗം തൊഴിൽ സംഘടനകളും പൊതു ജനങ്ങളും അണിചേർന്നു.
ചൊവ്വാഴ്ച രാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 മണിവരെയാണ്. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. ബിഎംഎസ് ഒഴികെ രാജ്യത്തെ എല്ലാ പ്രമുഖ ട്രേഡ്‌യൂണിയനുകളുടെയും മേഖലാതല ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിലാണ് പണിമുടക്ക് തുടരുന്നത്. കർഷകർ കൂടി അണിചേർന്നോടെ ഓരോ മേഖലയിലെയും പ്രതിഷേധത്തിന്റെ പ്രതിഫലനമായി.

കര്‍ഷകർ, ബാങ്കിങ് മേഖല, ഇന്ത്യാ പോസ്റ്റ്, കല്‍ക്കരി ഖനനം, ഫാക്ടറികള്‍, പൊതുഗതാഗതം എന്നീ മേഖലയിൽ നിന്നുള്ള തൊഴിലാളികൾ പണിമുടക്കിൽ പങ്കാളികളായി. എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച, ഐഎന്‍ടിയുസി, സിഐടിയു, ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേറ്റ് സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വുമണ്‍സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍, യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകൾ പണിമുടക്ക് രംഗത്താണ്.

രാജ്യത്തെ 25 കോടിയോളം തൊഴിലാളികൾ പ്രതിഷേധത്തിന്റെ ഭാഗമായി. യൂണിയനുകള്‍ മുന്നോട്ടുവെച്ച 17 ഇന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുകയാണ്. തൊഴിലാളികളുടെ വാക്കുകൾ കേൾക്കാൻ പോലും തയാറാകാത്ത സാഹചര്യമാണ്.

പുതിയതായി കൊണ്ടുവന്ന തൊഴില്‍ നിയമം, സ്വകാര്യവത്കരണം, കരാര്‍ തൊഴില്‍ വ്യാപകമാക്കല്‍ തുടങ്ങിയ വിഷയങ്ങളിൽ കോർപ്പറേറ്റുകൾക്ക് ഒപ്പം തന്നെ എന്ന് കേന്ദ്ര സർക്കാർ ഉറച്ചിരിക്കയാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളി അമർഷം കരുത്താർജ്ജിച്ച് രാജ്യത്ത് പണിമുടക്കിലൂടെ പ്രകടമായത്.

പ്രതിഷേധങ്ങളുടെ കൂടിച്ചേരൽ
നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ ജനാധിപത്യ വിരുദ്ധ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും രാജ്യത്തിന്റെ പല ഭാഗത്തും സമരങ്ങൾ തുടർന്നു വരുന്നതിനിടെയാണ് പണിമുടക്കിലൂടെ രാജ്യം ഒന്നിക്കുന്നത്.
മൂന്നാമതും അധികാരത്തിൽ വന്നശേഷം, മോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ, ജനങ്ങളുടെ ജീവിതം തകർക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. കോർപ്പറേറ്റ് തിട്ടൂരങ്ങൾക്ക് വഴങ്ങിയാണ്, കേന്ദ്രസർക്കാർ മുന്നോട്ട് പോവുന്നത്. ഈ നയങ്ങൾ ജനങ്ങളുടെ ജീവിതം തകർക്കുകയാണ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, തൊഴിലിന്റെ ഗുണമേന്മ തകർക്കൽ തുടങ്ങിയ നയങ്ങൾ, അധ്വാനിക്കുന്ന ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നു.

അതേസമയം, വൻകിട കുത്തകകളുടെ ലാഭം കുതിച്ചുയരുന്നു. സർക്കാരിന്റെ സാമ്പത്തിക സർവ്വേയിൽ പോലും ഇത് മറച്ചു വെക്കാനായില്ല. പുരുഷ താൽക്കാലിക തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസവേതനം 203 രൂപ മുതൽ 242 രൂപ വരെയാണ്; അതേസമയം സ്ത്രീ തൊഴിലാളികളുടെ ദിവസക്കൂലി 128 രൂപയ്ക്കും 159 രൂപയ്ക്കും ഇടയിലാണ്. ഈ അവസ്ഥയിലും കോർപ്പറേറ്റുകളുടെ ലാഭം 22.3 ശതമാനം ഉയർന്നു.
രാജ്യത്ത് സാമ്പത്തിക അസമത്വം വർധിക്കുകയാണ്. രാജ്യ സമ്പത്തിന്റെ 70 ശതമാനം കൈക്കലാക്കിയത്, ജനസംഖ്യയുടെ മുകൾ തട്ടിലുള്ള 5 ശതമാനം പേരാണ്. ജനസംഖ്യയുടെ താഴെ തലത്തിലുള്ള ജനങ്ങൾക്ക് 50 ശതമാനം, രാജ്യത്തെ സമ്പത്തിന്റെ 3 ശതമാനമാണ് ലഭിച്ചത്. ഇന്ത്യയിലെ അതിസമ്പന്നർ, യൂറോപ്പിലെ ശതകോടീശ്വരരേക്കാൾ സമ്പന്നരാണ്.
അതേസമയം, ഇന്ത്യയിലെ അതിദരിദ്രർ, ആഫ്രിക്കൻ രാജ്യമായ ‘മെഡഗാസ്കറി’ലേതിനേക്കാൾ ദരിദ്രരാണ്. മോദി സർക്കാരിന്റെ 10 വർഷക്കാലത്ത്, ദാരിദ്രം 17 ശതമാനം വർദ്ധിച്ചു. ഇന്ത്യയിലെ ദരിദ്രകുടുംബങ്ങളുടെ 90 ശതമാനം, 2018ലെ ദാരിദ്ര്യം സംബന്ധിച്ച് അന്തർദേശീയതലത്തിൽ കണക്കാക്കിയ നിലവാരത്തേക്കാൾ താഴ്ന്ന നിലവാരത്തിലാണ്.
തൊഴിലാളി വിരുദ്ധ നിയമങ്ങളുടെ ഭീകര ഭരണം
ലേബർ കോഡുകൾ, തൊഴിൽ മേഖലയിൽ അടിമസമാനമായ സാഹചര്യം സൃഷ്ടിക്കുന്നു. ഇതെല്ലാം മൂലധന ശക്തികളുടെ ലാഭ താൽപ്പര്യം സംരക്ഷിക്കാനാണ്.
ലേബർ കോഡുകൾ വഴി തൊഴിലാളികളുടെ മൗലികമായ എല്ലാ അവകാശങ്ങളും തകർക്കുന്നതോടൊപ്പം പാർലമെന്റ് പാസ്സാക്കിയ യുഎപിഎ, പിഎംഎൽഎ, ഭാരതീയ ന്യായ സംഹിത തുടങ്ങിയ കരിനിയമങ്ങൾ വഴി, അധ്വാനിക്കുന്ന ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും കവർന്നെടുക്കുന്നു.
ഫാസിസ്റ്റ് രൂപത്തിലുള്ള ആക്രമണമാണ്, തൊഴിലാളിവർഗത്തിനു നേരെ ഭരണകൂടം അഴിച്ചുവിടുന്നത്. കോർപ്പറേറ്റുകൾക്കെതിരെ ഉയരുന്ന എല്ലാ വിധ പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും പണിമുടക്ക് ഉൾപ്പെടെയുള്ള സമര മാർഗങ്ങളെയും തടയലാണ് സർക്കാരിന്റെ ലക്ഷ്യം. ‘ഭാരതീയ ന്യായ സംഹിത’ യുടെ 111–ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്, തൊഴിലാളികൾ കൂട്ടായി ഒപ്പുകൾ ശേഖരിച്ച് പരാതി നൽകുന്നതുപോലും ക്രിമിനൽ കുറ്റമാണെന്നാണ്. ഈ കുറ്റത്തിന്, പ്രതികളാകുന്നവർക്ക് ജാമ്യം നിഷേധിക്കാം.
തൊഴിലാളികളെയും യൂണിയൻ നേതാക്കളെയും ജയിലിലടയ്ക്കാം. ഇത്തരത്തിൽ കേസെടുക്കുന്ന അനുഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാവുന്നുണ്ട്– വ്യവസായശാലകൾക്കും സർക്കാർ ഓഫീസുകൾക്കും മുമ്പിൽ പ്രതിഷേധിക്കുന്നതും പ്രകടനം നടത്തുന്നതും കുറ്റകരമാക്കിയിരിക്കുന്നു.
ഇത്തരം പ്രതിഷേധ രൂപങ്ങളെ നിരോധിക്കാനും, നിയമം സർക്കാരുകൾക്ക് അധികാരം നൽകുന്നു. ലഘുലേഖ വിതരണം ചെയ്യുന്നതും, തൊഴിലാളികളുടെ ഒപ്പ് ശേഖരിച്ച് മെമ്മോറാണ്ടം നൽകുന്നതും കുറ്റകരമാക്കിയിരിക്കുകയാണ്; തൊഴിൽഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യം പണിമുടക്കിൽ അണിനിരന്നത്.









0 comments