വിശപ്പടക്കാൻ അന്നം തരില്ല: എഥനോൾ ഉൽപ്പാദനത്തിന് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യം നൽകി മോദി സർക്കാർ, കണക്ക് പുറത്ത്

ന്യൂഡൽഹി: എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനായി സ്വകാര്യ ഡിസ്റ്റിലറികൾക്ക് മോദി സർക്കാർ ഭക്ഷ്യധാന്യം നൽകിയത് തുച്ഛമായ വിലയ്ക്ക്. എഫ്‌സിഐ ഗോഡൗണുകളിലെ ഭക്ഷ്യധാന്യം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്കാണ് സ്വകാര്യ ഡിസ്റ്റലറികൾക്ക് കേന്ദ്ര സർക്കാർ നൽകിയത്. ഡോ. ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.
2022-23ൽ സബ്സിഡി നിരക്കിൽ എഥനോൾ ഉൽപ്പാദനത്തിനായി 15.15 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം നൽകിയപ്പോൾ സംസ്ഥാനങ്ങൾക്ക് വെറും 1.83 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് നൽകിയത്. സ്വകാര്യ ഡിസ്റ്റിലറികൾക്ക് കിലോയ്ക്ക് 20 രൂപ നിരക്കിലും സംസ്ഥാനങ്ങൾക്ക് 34 രൂപ നിരക്കിലുമാണ് ഭക്ഷ്യധാന്യം നൽകിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2025-26ൽ മാർച്ച് 11 വരെ എഥനോൾ നിർമാണത്തിനായി 48 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് മോദി സർക്കാർ നൽകിയത്. ഈ കാലയളവിൽ 37.56 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് സംസ്ഥാനങ്ങൾക്ക് നൽകിയത്. 2025-26ൽ ഇ- ലേലം വഴി ഭക്ഷ്യധാന്യത്തിന് 28.90 രൂപ വിലയുള്ളപ്പോൾ, സ്വകാര്യ ഡിസ്റ്റിലറികൾക്ക് വെറും 23.20 രൂപയ്ക്കാണ് ഭക്ഷ്യധാന്യം നൽകിയത്.
സാധാരണക്കാരന്റെ വിശപ്പടക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക്, എഥനോൾ ഉൽപ്പാദനത്തിന്റെ പേരിൽ സ്വകാര്യ ഡിസ്റ്റിലറികൾക്കായി പൊതു ഭക്ഷ്യധാന്യം വൻതോതിൽ വഴിതിരിച്ചുവിടുന്നത് സാമൂഹിക നീതിക്ക് നിരക്കാത്തതാണെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
നെല്ലിന് കർഷകർക്ക് ലഭിക്കുന്ന താങ്ങുവില കിലോയ്ക്ക് 23.69 രൂപയാണ് എന്നിരിക്കെയാണ് അതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഡിസ്റ്റിലറികൾക്ക് അരി നൽകുന്നത്. ചുരുക്കത്തിൽ, സ്വകാര്യ മേഖലയ്ക്ക് നൽകുന്ന ഈ വഴിവിട്ട സഹായത്തിലൂടെ പൊതുഖജനാവിന് 4,000 കോടി രൂപയിലധികം നഷ്ടമാണുണ്ടായിരിക്കുന്നത്.
ക്ഷേമപ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾ കൂടുതൽ പണം നൽകി അരി വാങ്ങേണ്ടി വരുമ്പോൾ അതിന്റെ ഭാരം വരുന്നത് സാധാരണക്കാരന്റെ തലയിലാണ്. പൊതുമുതൽ ഉപയോഗിച്ച് സ്വകാര്യ വ്യവസായികളെ സഹായിക്കുന്ന ഈ രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഭക്ഷ്യധാന്യങ്ങൾ ജനങ്ങളുടെ വിശപ്പടക്കാനാവണം, അല്ലാതെ കോർപ്പറേറ്റുകളുടെ ലാഭം കൊയ്യാൻ ഉള്ളതാകരുതെന്നും ജോൺ ബ്രിട്ടാണ് പറഞ്ഞു.











0 comments