മദ്രാസ് സർവകലാശാല ഭേദഗതി ബിൽ രാഷട്രപതി തിരിച്ചയച്ചു

ചെന്നൈ: മദ്രാസ് സർവകലാശാല (ഭേദഗതി) ബിൽ പ്രസിഡന്റ് ദ്രൗപതി മുർമു തിരിച്ചയച്ചു. 2022 ഏപ്രിലിൽ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലാണ്.
സംസ്ഥാന സർക്കാരിന് കീഴിലുള്ള സർവകലാശാലകളുടെ ഭരണം സുഗമമാക്കാനുള്ള ഡിഎംകെ സർക്കാരിന്റെ ശ്രമങ്ങൾക്ക് ഇത് പുതിയ തിരിച്ചടിയായി. സർവകലാശാലയുടെ എക്സ്-ഒഫീഷ്യോ ചാൻസലറായി പ്രവർത്തിക്കുന്ന ഗവർണറിൽ നിന്ന്, വൈസ് ചാൻസലറെ നിയമിക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം സംസ്ഥാന സർക്കാരിന് കൈമാറുന്നതാണ് മദ്രാസ് സർവകലാശാല നിയമ ഭേദഗതി ബിൽ.
നിയമത്തിൽ "ചാൻസലർ" എന്ന പദം "സർക്കാർ" എന്ന് മാറ്റി നിർദ്ദേശം ചെയ്തു. അക്കാദമിക് നേതൃത്വത്തിന്റെ കാര്യങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അന്തിമ അധികാരിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട് ഈ നീക്കം നടത്തിയത്.

നിർദ്ദിഷ്ട മാറ്റങ്ങൾ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചട്ടങ്ങൾക്കും വൈസ് ചാൻസലർ നിയമനങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപിത മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്ന് ആരോപിച്ച് ഗവർണർ ആർ എൻ രവി ഒരു വർഷത്തോളം ബിൽ പിടിച്ചു വെച്ചു. പിന്നീട് സുപ്രീം കോടതി ഇടപെട്ടതോടെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടു.
രാഷ്ട്രപതി അനുമതി നൽകാതെ ബിൽ തിരിച്ചയച്ചതോടെ, സംസ്ഥാനത്തിന് വീണ്ടും നിയമനിർമ്മാണം പുനഃപരിശോധിക്കേണ്ടി വരുന്ന സാഹചര്യമാണ്. മദ്രാസ് സർവകലാശാല ഉൾപ്പെടെ 22 സർവകലാശാലകളിൽ 14 എണ്ണം വൈസ് ചാൻസലർമാരുടെ അഭാവത്തിൽ കൺവീനർ കമ്മിറ്റികൾക്ക് കീഴിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
2023 ഓഗസ്റ്റ് മുതൽ മദ്രാസ് സർവകലാശാല വൈസ് ചാൻസലർമാരില്ലാതെ പ്രവർത്തിക്കുന്നു. സ്ഥിരമായ നേതൃത്വത്തിന്റെ അഭാവം അക്കാദമിക് ആസൂത്രണത്തെയും ഗവേഷണ അംഗീകാരങ്ങളെയും ഭരണപരമായ പ്രവർത്തനങ്ങളെയും ബാധിച്ച സാഹചര്യമായിരുന്നു.
തർക്കം നേരത്തെ സുപ്രീം കോടതിയിലെത്തിയിരുന്നതാണ്. സംസ്ഥാന നിയമനിർമ്മാണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗവർണറുടെ പങ്കിനെക്കുറിച്ച് ഈ വർഷം ഏപ്രിലിൽ കോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിക്കയും ചെയ്തു. 2022 ൽ തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ഭേദഗതി ബില്ലുകൾക്ക് കോടതി "ഡീംഡ് അസെൻറ്" നൽകി. അതിൽ 18 സംസ്ഥാന സർവകലാശാലകളിലെ വി-സി നിയമനങ്ങളുമായി ബന്ധപ്പെട്ടവയും ഉൾപ്പെടുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അസാധാരണമായ അധികാരങ്ങൾ ഉപയോഗിച്ചായിരുന്നു ഉത്തരവ്.
വിധിയെത്തുടർന്ന്, സംസ്ഥാന സർക്കാർ ഈ സർവകലാശാലകളിലേക്ക് വി-സിമാരെ നിയമിക്കാൻ തുടങ്ങിയതാണ്. എങ്കിലും വിധിയെ ചോദ്യം ചെയ്ത് തുടർ ഹർജികൾ വന്നതോടെ മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി നടപടി കാത്ത് കുടുങ്ങി.
ഇവയിൽ നിന്നും വ്യത്യസ്തമായി കോടതി ഇടപെടലിന്റെ പരിധിക്ക് പുറത്തായിരുന്ന മദ്രാസ് സർവകലാശാല ബിൽ രാഷ്ട്രപതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിലാണ് രാഷ്ട്രപതിയുടെ പുതിയ നടപടി ഉണ്ടായിരിക്കുന്നത്.










0 comments