ad
Deshabhimani

ആഗോള വ്യാപാര രംഗത്തും യൂണിയൻ വേണം; യുഎസ് നികുതി തന്ത്രങ്ങൾക്കെതിരെ ബ്രസീൽ പ്രസിഡന്റ് ലൂല

loooo
വെബ് ഡെസ്ക്

Published on Feb 23, 2026, 12:27 PM | 3 min read

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറ്റ് രാജ്യങ്ങൾക്കെതിരെ പ്രയോഗിക്കുന്ന യുദ്ധ തന്ത്രപരമായ നികുതികൾക്കെതിരെ ഒറ്റയ്ക്കൊറ്റയ്ക്ക് നിൽക്കുന്നതിന് പകരം ചർച്ചാ സഖ്യം (നെഗോഷ്യേറ്റിംഗ് ബ്ലോക്ക്)രൂപീകരിക്കണമെന്ന് ബ്രസീൽ പ്രസിഡന്റ് ലൂല ഡ സിൽവ. ഒരു തൊഴിലുടമയോട് ആനുകൂല്യങ്ങൾക്കായി തൊഴിലാളികൾ ഒന്നിച്ച് നിന്ന് സംസാരിക്കുന്ന തൊഴിലാളി യൂണിയൻ രീതി അന്താരാഷ്ട്ര വ്യാപാരത്തിലും ആവശ്യമാണെന്ന് അദ്ദേഹം ഡൽഹിയിൽ അഭിപ്രായപ്പെട്ടു.


എഐ ഇംപാക്ട് സമ്മിറ്റിനായുള്ള ഇന്ത്യ സന്ദര്‍ശനത്തിനിടെ ഡൽഹിയിൽ ആയിരുന്നു പ്രതികരണം. എല്ലാ രാജ്യങ്ങളെയും അമേരിക്ക ഒരുപോലെ കാണണമെന്നും ഒരു പുതിയ 'ശീതയുദ്ധം'തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ലൂല മുന്നറിയിപ്പ് നൽകി.


ഇന്ത്യയും ബ്രസീലും നേരിടുന്ന വെല്ലുവിളി


ബ്രിക്സ് (BRICS)കൂട്ടായ്മയിലെ അംഗത്വം, ഇറാനുമായുള്ള വ്യാപാരം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി എന്നിവയുടെ പേരിൽ ഇന്ത്യയ്ക്കും ബ്രസീലിനും മേൽ അമേരിക്ക 50%അധിക നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഈ വിഷയങ്ങൾ അടുത്ത മാസം വാഷിംഗ്ടൺ സന്ദർശിക്കുമ്പോൾ ട്രംപുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.


ഗ്ലോബൽ സൗത്ത് ഒന്നിക്കണം


ഒരു ചെറിയ രാജ്യം വലിയ രാജ്യവുമായി ഒറ്റയ്ക്ക് ചർച്ച നടത്തുമ്പോൾ അത് എല്ലായ്പ്പോഴും ചെറിയ രാജ്യത്തിന് ദോഷകരമായിരിക്കും. തൊഴിലാളി പ്രസ്ഥാനത്തിൽ നിന്നുള്ള എന്റെ അനുഭവമാണിത്, "അദ്ദേഹം പറഞ്ഞു. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


യുഎൻ രക്ഷാസമിതിയുടെ നിലവിലെ പ്രവർത്തനക്ഷമതയെ ലൂല രൂക്ഷമായി വിമർശിച്ചു. ഇന്ത്യയെയും ബ്രസീലിനെയും പോലുള്ള വലിയ രാജ്യങ്ങളെ മാറ്റിനിർത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

"140കോടി ജനങ്ങളുള്ള ഇന്ത്യ എന്തുകൊണ്ടാണ് യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമല്ലാത്തത്?യുഎൻ ഇന്ന് രോഗനിർണ്ണയം നടത്താൻ കഴിവുള്ള ഡോക്ടറെപ്പോലെയാണ്,പക്ഷേ മരുന്ന് കുറിക്കാനോ ചികിത്സിക്കാനോ അതിന് കഴിയില്ല."ലൂല



മോദിയും ബിജെപി സര്‍ക്കാരും

ഭയന്ന് വഴങ്ങി നിൽക്കുമ്പോൾ


ബ്രസീൽ പ്രസിഡന്റ് ലൂല ഡ സിൽവയുടെ ഡൽഹി പ്രസംഗം കേവലം ഒരു നയതന്ത്ര സന്ദർശനത്തിന്റെ ഭാഗമല്ല, മറിച്ച് മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിന്റെ കൃത്യമായ സൂചനയാണ് എന്ന് വിലയിരുത്തപ്പെടുന്നു. സ്വന്തം അവകാശങ്ങൾ വിലപേശി വാങ്ങാൻ ഇന്ത്യ പോലുള്ള വമ്പൻ രാജ്യത്തിന് പോലും കഴിയാത്ത സാഹചര്യത്തിലാണ് ലൂലയുടെ ആഹ്വാന സമാനമായ വാക്കുകൾ. നാല് ദിവസത്തെ ഇന്ത്യ സന്ദർശനം പൂർത്തിയാക്കി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Related News

കേന്ദ്ര സര്‍ക്കാര്‍ വ്യാപാര കരാറിൽ അമേരിക്കൻ ഉത്പന്നങ്ങളുടെ സീറോ ടാക്സ് ഇറക്കുമതി ആവശ്യം അംഗീകരിക്കയും രാജ്യത്തെ ഉത്പന്നങ്ങൾക്ക് മേൽ അവര്‍ ചുമത്തിയ 18 ശതമാനം അധിക നികുതിക്ക് വഴങ്ങിക്കൊടുക്കുകയുമായിരുന്നു. പ്രതികാര നികുതിക്കെതിരെ യു എസ് സുപ്രീം കോടതി വിധി വന്ന ശേഷവും താൻ പ്രഖ്യാപിച്ച നികുതി ഇന്ത്യയ്ക്കെതിരെ തുടരുമെന്ന് ഭീഷണി ആവര്‍ത്തിക്കയാണ് ഡൊണൾഡ് ട്രംപ് ചെയ്തത്.


ആഗോള വ്യാപാര യുദ്ധവും

'ഗ്ലോബൽ സൗത്ത്' കൂട്ടായ്മയും


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ 'അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായി ഇതര രാജ്യങ്ങൾക്കെതിരെ ആരംഭിച്ചിട്ടുള്ള സാമ്പത്തിക സമ്മർദ്ദത്തെ ഒറ്റയ്ക്കൊറ്റയ്ക്ക് നേരിടുന്നതിനേക്കാൾ, രാജ്യങ്ങളുടെ ഒരു 'യൂണിയൻ' രൂപീകരിച്ച് നേരിടണമെന്നാണ് ലൂല നിർദ്ദേശിക്കുന്നത്.


1980-കളിൽ ബ്രസീലിലെ പ്രശസ്തനായ ട്രേഡ് യൂണിയൻ നേതാവായിരുന്നു ലൂല. ഒരു മുതലാളിയോട് ഒറ്റയ്ക്ക് ചർച്ച നടത്തുന്ന തൊഴിലാളി പരാജയപ്പെടുമെന്നും, എന്നാൽ തൊഴിലാളികൾ സംഘടിതരായി നിന്നാൽ വിജയിക്കുമെന്നുമുള്ള തന്റെ പഴയകാല അനുഭവമാണ് അദ്ദേഹം അന്താരാഷ്ട്ര നയതന്ത്രത്തിലും പ്രയോഗിക്കുന്നത്. ഇക്കാര്യം തുറന്ന് പറഞ്ഞു കൊണ്ട്, അമേരിക്കയെ ഒരു 'വലിയ തൊഴിലുടമയായും' മറ്റ് രാജ്യങ്ങളെ 'തൊഴിലാളികളായും' കണ്ടുകൊണ്ടുള്ള ഒരു വേറിട്ട സമീപനമാണിത്.


വിധേയത്വം കുടഞ്ഞെറിയുമോ


അമേരിക്കയും യൂറോപ്പും ഉൾപ്പെടുന്ന വികസിത രാജ്യങ്ങളുടെ ആധിപത്യത്തിന് പകരം ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വികസ്വര രാജ്യങ്ങളുടെ (Global South) ശബ്ദം ലോകവേദിയിൽ ശക്തമാക്കുക എന്നതാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ഇന്ത്യയ്ക്കും ബ്രസീലിനും സ്ഥിരാംഗത്വം വേണമെന്ന ലൂലയുടെ ആവശ്യം ഈ പുതിയ ശക്തിപ്രകടനത്തിന്റെ ഭാഗമാണ്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയിലെ നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ ഇനിയും ഭയന്ന് മാറി നിൽക്കുമോ എന്നത് പ്രധാനമാവും.


ഒക്ടോബറിൽ ബ്രസീലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ലൂലായുടെ അവസാനത്തെ പ്രധാന വിദേശ സന്ദർശനങ്ങളിലൊന്നാണ്.

2025 ൽ ദ്വിപക്ഷ വ്യാപാരം വിപുലീകരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സന്ദർശനം.


2025-ൽ ഇന്ത്യയിൽ നിന്ന് ബ്രസീൽ8.5 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തു. ബ്രസീലിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 7 ബില്യൺ ഡോളർ ആയിരുന്നു.എണ്ണ,പഞ്ചസാര,ഇരുമ്പ് ഖനി എന്നിവയാണ് പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ.


സന്ദര്‍ശനത്തിനിടെ ക്രിട്ടിക്കൽ മിനറൽസ്,സ്റ്റീൽ മൈനിംഗ്,ഡിജിറ്റൽ പങ്കാളിത്തം എന്നിവയിൽ ഇന്ത്യയുമായി കരാറുകളിൽ ഒപ്പിട്ടു. രാജ്യം നൽകിയ ഔദ്യോഗിക വിരുന്നിനിടെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബ്രസീലിയൻ ഗാനമായ 'അസ ബ്രാങ്ക' (Asa Branca)വായിച്ചാണ് ലൂലയെ ആദരിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home