ഏത് ആക്രമണത്തിനും തയ്യാറെടുക്കണം; മെയ് 7 ന് നിരവധി സംസ്ഥാനങ്ങളോട് മോക്ക് ഡ്രിൽ നടത്താൻ കേന്ദ്രം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പാകിസ്ഥാനുമായി ഏറ്റുമുട്ടലുണ്ടായാൽ ‘കാര്യക്ഷമമായ പൗര പ്രതിരോധം’ ഉറപ്പുവരുത്താന്‍ ബുധനാഴ്‌ച സുരക്ഷാ മോക്‌ഡ്രില്ലുകൾ സംഘടിപ്പിക്കാൻ അതിർത്തിയോടടുത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയം നിർദേശംനൽകി. ഇന്ത്യാ–- പാക് യുദ്ധമുണ്ടായ 1971നുശേഷം ആദ്യമായാണ് ഇത്തരമൊരു നിർദേശം.
രാത്രിയിൽ വ്യോമാക്രമണമുണ്ടായാൽ എല്ലാ വെളിച്ചവും കെടുത്തുന്നതിനുള്ള സെെറൺ സംവിധാനത്തിന്റെ പ്രവർത്തനം, നഗരങ്ങളിലും മറ്റും രാത്രിയിൽ പൂർണമായി വെളിച്ചമണയ്‌ക്കൽ, സുപ്രധാന സ്ഥാപനങ്ങളെ സംരക്ഷിക്കൽ, ഒഴിപ്പിക്കൽ പദ്ധതികൾ, പൗരപ്രതിരോധ നടപടികൾ ഏതെല്ലാം വിധമെന്ന് ജനങ്ങളെ പരിശീലിപ്പിക്കുക തുടങ്ങിയ നടപടികൾക്കാണ് നിർദേശം. പഞ്ചാബിലെ അതിർത്തിനഗരമായ ഫിറോസ്‌പ്പുരിലെ കന്റോൺമെന്റ് മേഖലയിൽ ഞായറാഴ്‌ച രാത്രി അര മണിക്കൂർ വെളിച്ചമണച്ചുള്ള മോക്‌ഡ്രിൽ നടത്തി.
പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങുമായും ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവലുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ മോദിയെ ഫോണിൽ വിളിച്ച് ഭീകരതയെ നേരിടുന്നതില്‍ പിന്തുണ അറിയിച്ചു. ഇന്ത്യയിലെത്തിയ ജപ്പാൻ പ്രതിരോധ മന്ത്രി ജെൻ നകതാനിയും എല്ലാ പിന്തുണയും ഉറപ്പുനൽകി. യുദ്ധവിമാനങ്ങൾക്കും ടാങ്കുകൾക്കുമായി പുതുതലമുറ എഞ്ചിനുകൾ സഹകരിച്ച് നിർമിക്കാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും നകതാനിയുമായുള്ള കൂടിക്കാഴ്‌ചയിൽ ധാരണയിലെത്തി. തുടർച്ചയായ 11-ാം ദിവസവും നിയന്ത്രണ രേഖയിൽ പാക് സേന വെടിവയ്‌പ്പ് നടത്തി. സൈന്യം ശക്തമായി തിരിച്ചടിച്ചു.
വ്യോമാക്രമണ മുന്നറിയി പ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കൽ
അടിയന്തരസാഹചര്യ ങ്ങൾ നേരിടാൻ പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകൽ
അടിയന്തര ബ്ലാക്കൗട്ട് (കാഴ്ചയിൽനിന്ന് മറച്ചു പിടിക്കൽ) സംവിധാനങ്ങളൊരുക്കൽ
സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കൽ, ഒഴിപ്പിക്കൽ പദ്ധതി, അതിനാവശ്യമായ പരിശീലനമൊരുക്കൽ
ഡിആര്‍ഡിഒയും നാവികസേനയും കടലില്‍ മൈനുകളുടെ പരീക്ഷണം നടത്തി. ഭീകരാക്രമണസാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ജമ്മു -കശ്‌മീരിൽ ജയിലുകളുടെ സുരക്ഷ വർധിപ്പിച്ചു. നിരവധി ഭീകരർ തടവിലുള്ള ശ്രീനഗർ സെൻട്രൽ ജയിൽ, ജമ്മുവിലെ കോട് ബൽവാൽ ജയിൽ എന്നിവ ലക്ഷ്യംവയ്‌ക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ചെനാബ് നദിയിലെ സലാൽ അണക്കെട്ട് ഇന്ത്യ പൂർണമായി അടച്ചതോടെ പാകിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് ഗണ്യമായി കുറഞ്ഞു. ചെനാബിലെ ബാഗ്ലിഹർ, സലാൽ അണക്കെട്ടുകളിൽ സംഭരണശേഷി കൂട്ടുന്നതിനുള്ള നിർമാണപ്രവർത്തനങ്ങളിലേക്കും ഇന്ത്യ കടന്നു. പാകിസ്ഥാനുള്ള ധനസഹായം നിർത്തിവയ്‌ക്കാൻ എഡിബിയോട് ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, പഹൽഗാം ആക്രമണമുണ്ടായി 13 ദിവസം പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താനായിട്ടില്ല. അനന്ത്‌നാഗ്, കുൽഗാം ജില്ലകളിലായി തിരച്ചിൽ തുടരുകയാണ്. ജമ്മുവിലെ പൂഞ്ച് മേഖലയിൽ ഭീകരരുടെ ഒളിസങ്കേതം സുരക്ഷാസേന തകർത്തു. അഞ്ച് ബോംബുകളും രണ്ട് വയർലെസ് സെറ്റും കണ്ടെടുത്തു.










0 comments