കൈകളിൽ ബ്ലേഡുകൾകൊണ്ട് വരഞ്ഞു, ക്രൂരമായി മർദിച്ചു; സ്ത്രീധനമാവശ്യപ്പെട്ട് ഗർഭിണിയെ ഭർത്താവും ഭർതൃപിതാവും ചേർന്ന് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം
ബെലഗാവി: രാജ്യത്ത് സ്ത്രീധന പീഡനത്തിൽ ഒരു കൊലപാതകം കൂടി. സ്ത്രീധനത്തിന്റെ ബാക്കി ആവശ്യപ്പെട്ട് ഭർത്താവും ഭർതൃപിതാവും ചേർന്ന് ഏഴുമാസം ഗർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവിയിലെ ചിക്കോടിയിൽ അലഖന്നൂർ ഗ്രാമത്തിലാണ് സംഭവം.
ഏഴുമാസം ഗർഭിണിയായ ദീപ മഗദുമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അഭിഷേകിനെയും പിതാവിനെയും ഹാറുഗേരി പൊലീസ് അറസ്റ്റ് ചെയ്തു. ദീപയെ ഭർത്താവും ഭർതൃപിതാവും ക്രൂരമായി മർദിച്ചതായി പൊലീസ് പറഞ്ഞു.
ദീപയുടെ കൈകളിൽ ഉൾപ്പെടെ ബ്ലേഡ് കൊണ്ട് വരഞ്ഞത് പോലെ നിരവധി മുറിവുകളും കണ്ടെത്തി. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൃത്യത്തിന് ശേഷം ഭാര്യയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ അഭിഷേക് ശ്രമിച്ചു. എന്നാൽ ദീപയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ത്രീധനത്തിന്‍റെ ബാക്കിയായ പണവും സ്വർണവും ആവശ്യപ്പെട്ട് അഭിഷേകും വീട്ടുകാരും ചേർന്ന് ദീപയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ദീപയെ ക്രൂരമായി മർദിച്ച ശേഷം കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.










0 comments