പ്രസവവേദന സഹിക്കാനായില്ല; യുവതി സ്വന്തം വയർ കത്തികൊണ്ട് കീറി, പിന്നാലെ സുരക്ഷിത പ്രസവം

ബെറൈച്ച്: പ്രസവവേദന സഹിക്കാനാവാതെ ഗർഭിണിയായ യുവതി സ്വന്തം വയർ കത്തികൊണ്ട് കീറിമുറിച്ചു. ഉത്തർപ്രദേശിലെ ബെറൈച്ച് ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. ബൗണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ നന്ദ്വാൾ ഗ്രാമവാസിയായ നങ്കായ് (35) എന്ന യുവതിയാണ് അതിക്രമത്തിന് മുതിർന്നത്.
ഗുരുതരാവസ്ഥയിലായ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. വീടിനുള്ളിൽ നിന്ന് യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നങ്കായെ കണ്ടത്. ഉടൻ തന്നെ ഇവരെ ഫഖർപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു.
ഇവിടെ വെച്ച് യുവതി സ്വാഭാവിക പ്രസവത്തിലൂടെ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ, സ്വയം മുറിവേൽപ്പിച്ചതിനെത്തുടർന്ന് നില വഷളായ യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ലഖ്‌നൗവിലെ ആശുപത്രിയിലേക്കും മാറ്റി.
യുവതിയുടെ ഭർത്താവ് ആറുമാസം മുമ്പ് രോഗബാധയെത്തുടർന്ന് മരിച്ചിരുന്നു. അതിനുശേഷം തനിച്ചായിരുന്നു താമസം. പ്രസവവേദന അസഹനീയമായപ്പോൾ പച്ചക്കറി നുറുക്കുന്ന കത്തി ഉപയോഗിച്ച് വയർ കീറുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി പൊലീസ് അറിയിച്ചു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ യുവതിയുടെ കുടൽ പുറത്തുവന്ന നിലയിലായിരുന്നുവെന്നും അമിത രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. അമ്മയും കുഞ്ഞും നിലവിൽ നിരീക്ഷണത്തിലാണ്.










0 comments