വീണ്ടും പൊലീസ് നരനായാട്ട്; ലാത്തികൊണ്ട് നെഞ്ചിന് അടിച്ചു; സഞ്ജീവിന് ഗുരുതര പരിക്ക്

പൊലീസിന്റെ ലാത്തിയടിയേറ്റതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട എസ്എഫ്എഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവനെ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നു.
തിരുവനന്തപുരം: സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ സമരം ചെയ്തതിന് പൊലീസ് നടത്തിയ നരനായാട്ടിനെതിരെ നടത്തിയ പ്രതിഷേധത്തിന് നേരെയും കടന്നാക്രമണം. യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തി ചാർജ് അഴിച്ചുവിട്ടു. സെക്രട്ടറിയറ്റിലേക്ക് നടന്ന മാർച്ചിന് നേരെയുണ്ടായ പൊലീസ് വേട്ടയിൽ നെഞ്ചിന് ലാത്തിയടിയേറ്റ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവന് ദേഹാസ്വാസ്ഥ്യമുണ്ടായി. സഞ്ജീവനെ ആശുപത്രിയിലേക്ക് മാറ്റി. സംഘപരിവാറിന്റെ ക്വട്ടേഷൻ സംഘത്തെപ്പോലെയാണ് സംസ്ഥാനത്തെ പൊലീസ് വിദ്യാർഥികളോട് പെരുമാറിയത്.
പൊലീസ് ഒന്നും ചെയ്യുന്നില്ല എന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നത്. ഇന്ന് രാവിലെ പോലും വി ഡി സതീശൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ. യുഡിഎഫിന്റെ നിഷ്കളങ്കരായ പൊലീസാണ് വിദ്യാർഥികൾക്ക് നേരെ ലാത്തി വീശിയതും തെറിവിളിച്ചതും. "വിദ്യാർഥികളുടെ തലയടിച്ചുപൊളിക്കുന്ന പൊലീസ്, പെൺകുട്ടികളുടെ കണ്ണടിച്ചുപൊളിക്കുന്ന പൊലീസ്... എന്ത് നിഷ്കളങ്കരാണല്ലേ"... വെറും മൂന്ന് മാസം കൊണ്ട് കേരളത്തിലെ പൊലീസിന് വന്ന മാറ്റങ്ങൾ ഇതൊക്കെയാണ്. ആർഎസ്എസിനെതിരെ സമരം ചെയ്യുമ്പോഴാണ് സംസ്ഥാനത്തെ പൊലീസ് ആക്രമിക്കുന്നത്, ആർഎസ്എസ് അജൻഡകൾ പിന്തുടരുന്ന യുഡിഎഫിനെതിരെയും ശക്തമായ സമരം തുടരും - എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.
ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ മാർച്ചുകൾക്കുനേരെയും പൊലീസ് അതിക്രമം തുടർന്നു. നാലുതവണ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. നിരവധി എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ദേശീയ കായികദിനാചരണത്തിൽ കേരള സർവകലാശാലയിൽ ആർഎസ്എസ് അജൻഡയനുസരിച്ച് വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം എസ്എഫ്ഐ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. എന്നാൽ മാർച്ചിനുനേരെ പ്രകോപനമൊന്നുമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു പൊലീസ്. മാർച്ചിൽ പങ്കെടുത്ത പെൺകുട്ടികളെയടക്കം പുരുഷ പൊലീസുകാർ അതിക്രൂരമായി മർദിച്ചു. ലാത്തിച്ചാർജിൽ തലയ്‌ക്ക് അടിയേറ്റ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിഅംഗം ആര്യ പ്രസാദിന് ബോധം നഷ്‌ടമായി.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്‌ണവി ഷാജിയുടെ കണ്ണിനുതാഴെ ഗുരുതര പരിക്കേറ്റു. മുഖത്തടിയേറ്റ ജില്ലാ കമ്മിറ്റിഅംഗം വൈഷ്‌ണയുടെ പല്ലിളകി. ജില്ലാ കമ്മിറ്റിഅംഗം എസ് ആർ നിരഞ്ജനും തലയ്ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സതേടി. മറ്റു നിരവധി വിദ്യാർഥികൾക്കും പരിക്കുണ്ട്.
മാര്‍ച്ച് ബാരിക്കേഡിന് സമീപം എത്തിയ ഉടനെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊടുന്നനെ ലാത്തിവീശി. പെൺകുട്ടികളെ പുരുഷ പൊലീസുകാർ ആക്രമിക്കുന്നത് പ്രവർത്തകർ ചോദ്യം ചെയ്‌തശേഷമാണ് ഏതാനും വനിതാ പൊലീസുകാരെത്തിയത്. പ്രവർത്തകർ ഗേറ്റ് ചാടിക്കടന്ന് സർവകലാശാല മന്ദിരത്തിന് മുന്നിലെത്തി പ്രതിഷേധിച്ചു. മതനിരപേക്ഷതയ്‌ക്കുവേണ്ടി തെരുവുയുദ്ധം നയിക്കേണ്ടിവന്നാൽ എസ്എഫ്ഐ അതും ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പ്രസിഡന്റ് എം ശിവപ്രസാദും പറഞ്ഞു.
കായികദിനാചരണ പരിപാടിയിൽ മന്ത്രിമാരായ റോജി എം ജോണിന്റെയും ഒ ജെ ജനീഷിന്റെയും സാന്നിധ്യത്തിലാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്.









0 comments