ഗർഭിണിയായ ഭാര്യയെ മർദിച്ച് ഗർഭഛിദ്ര ഗുളിക കഴിപ്പിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ഭിൽവാര: രാജസ്ഥാനിലെ ഭിൽവാരയിൽ അഞ്ച് മാസം ഗർഭിണിയായ യുവതി ഭർത്താവിന്റെ ക്രൂരമായ പീഡനത്തെത്തുടർന്ന് മരിച്ചു. നിർബന്ധിച്ച് ഗർഭഛിദ്ര ഗുളികകൾ കഴിപ്പിച്ചതും അതിരൂക്ഷമായ മർദനവുമാണ് മരണത്തിന് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശിയായ ഭർത്താവ് ഗോപി സിംഗ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹാമിർഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിഎസ്എൽ കോളനിയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ദാരുണമായ ഈ സംഭവം നടന്നത്. കൊല്ലപ്പെട്ട റോളി ദേവിയുടെ പതിനാലുകാരിയായ മകൾ നൽകിയ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. ബുധനാഴ്ച രാവിലെ മുതൽ പ്രതിയായ ഗോപി സിംഗ് യാദവ് ഭാര്യയെ ക്രൂരമായി തല്ലിച്ചതയ്ക്കാൻ തുടങ്ങി. ദിവസം മുഴുവൻ ഇത് തുടർന്നു.
മർദനത്തിന് ശേഷം വിപണിയിൽ പോയി ഗർഭഛിദ്രത്തിനുള്ള ഗുളികകൾ വാങ്ങിക്കൊണ്ടുവന്ന പ്രതി, ഇത് ഭാര്യയെക്കൊണ്ട് ബലമായി കഴിപ്പിച്ചു. ഇതോടെ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാവുകയും മരണപ്പെടുകയുമായിരുന്നു.മകളുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു.
"യുവതിയുടെ തലയിലും മുഖത്തും അരക്കെട്ടിലും സ്വകാര്യ ഭാഗങ്ങളിലും നിരവധി മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. ഇതിന് പുറമെ നിർബന്ധിത ഗർഭഛിദ്രം നടന്നതിന്റെ ലക്ഷണങ്ങളും ശരീരത്തിലുണ്ടായിരുന്നു."
— പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ സംഘം പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (സദർ) ഹർജീറാം അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.










0 comments