കനത്ത മഴ: 100 വർഷം പഴക്കമുള്ള വീട് തകർന്നു വീണു; കുടുംബത്തിലെ ആറ് പേർ മരിച്ചു, ഒരാൾ രക്ഷപ്പെട്ടു

തകര്‍ന്നുവീണ വീട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു
പ്രതാപ്ഗഢ്: കനത്ത മഴയിൽ നൂറ് വർഷത്തോളം പഴക്കമുള്ള വീട് തകർന്നു വീണ് ഒരു കുടുംബത്തിലെ ആറ് പേർ മരിക്കുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്തു. ദമ്പതികളും ഇവരുടെ മകനും മരുമകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലെ കോട്‌വാലി നഗരത്തിലെ മഹുലി ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
പ്രമോദ് ശ്രീവാസ്തവ, റീത്ത ശ്രീവാസ്തവ, നിതിൻ ശ്രീവാസ്തവ, മാധുരി ശ്രീവാസ്തവ, മാധവ്, മസൂം ആദ്വിക് എന്നിവരാണ് മരിച്ചത്. 28 വയസ്സുള്ള അമൻ ശ്രീവാസ്തവ അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കുടുംബാംഗങ്ങളിൽ ഒരാളെ ജീവനോടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് കുടുംബാംഗങ്ങൾ വീട്ടിൽ ഉറങ്ങുകയായിരുന്നു. വലിയ ശബ്ദത്തോടെ വീട് തകർന്നതോടെ ഗ്രാമവാസികൾ സഹായത്തിനായി സ്ഥലത്തേക്ക് ഓടിയെത്തി. തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ ശ്രമം ആരംഭിച്ചുകയായിരുന്നു.
വിവരമറിഞ്ഞ് അൽപ്പസമയത്തിനുള്ളിൽ പോലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി. പ്രമോദ് ശ്രീവാസ്തവയുടെ വീടിന് ഏകദേശം നൂറ് വർഷം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്. വളരെ പഴയതും ജീർണിച്ച അവസ്ഥയിലുമായിരുന്നു വീട്. കനത്ത മഴയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വീട് തകർന്നുവീണത്.
മണിക്കൂറുകളോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തു. പരിക്കേറ്റവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറ് പേർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ഒരേ കുടുംബത്തിലെ ആറ് അംഗങ്ങളെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലും ഞെട്ടലിലുമാണ് ഗ്രാമം.










0 comments