ad
Deshabhimani

അഭ്രപാളികളിൽ ജീവിക്കുന്നു ഇപ്പോഴും... മുരളിയുടെ ഓർമകൾക്ക് 17 വയസ്സ്

actor murali
വെബ് ഡെസ്ക്

Published on Aug 06, 2026, 08:47 AM | 2 min read

കാമ്പുള്ള കഥാപാത്രങ്ങളുടെ ആഴത്തിലുള്ള ഭാവങ്ങൾകൊണ്ട് അഭ്രപാളികളിൽ നിറഞ്ഞാടിയ നടൻ മുരളിയുടെ ഓർമകൾക്ക് 17 വയസ്സ്. ഡികെ ആന്റണിയും ജോണിയും ചന്ദ്രദാസും ഗോപിനാഥൻനായരും എസ്‌തപ്പാനാശാനും ബാപ്പൂട്ടിയും കൊച്ചു രാമനും രാഘവൻ ആശാരിയായുമൊക്കെ 17 വർഷങ്ങൾക്കിപ്പുറവും മുരളി മലയാളിയുടെ മനസ്സിൽ ജീവിക്കുന്നു.


വെളിയം പഞ്ചായത്തിലെ കുടവട്ടൂർ എന്ന ഗ്രാമത്തിൽനിന്നാണ് മലയാളികളുടെ ഹൃദയത്തിലേക്ക് മുരളി നടന്നുകയറിയത്. ശാസ്താംകോട്ട ഡിബി കോളേജിലെ പഠനകാലത്ത് നാടകാചാര്യൻ ജി ശങ്കരപ്പിള്ളയുമായി അടുത്തു. തിരുവനന്തപുരത്തെ ജോലി ജീവിതം കടമ്മനിട്ടയും ഡി വിനയചന്ദ്രനും അയ്യപ്പനും ഉൾപ്പെട്ട കവി സൗഹൃദങ്ങളുടെ വലയത്തിൽ. ഈ കൂട്ടായ്മ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം നാടക സമിതിയിലേക്ക് വഴി തുറന്നു. മുരളിയിലെ നാടകനടനെ നാട്യഗൃഹം കൂടുതൽ പരുവപ്പെടുത്തി. നാട്യഗൃഹം അരങ്ങിലെത്തിച്ച 'മഴ'യാണ് മുരളിയുടെ ആദ്യ പ്രൊഫഷണൽ നാടകം. സൗപർണികയും ലങ്കാലക്ഷ്മിയും മുരളിയിലെ നടനെ തുറന്നുവിട്ടു.


എം എ ബേബിയും നരേന്ദ്രപ്രസാദും അലിയാരും കൊച്ചുനാരായണനും ഉൾപ്പെടെയുള്ള നിരവധി സുഹൃത്തുക്കളും കവിക്കൂട്ടങ്ങളും നാടകവുമൊക്കെയായി അനന്തപുരിയിലെ ജീവിതം ലയിച്ചു. ഈ ഘട്ടത്തിലാണ് ഭരത് ഗോപിയുടെ ഞാറ്റടി (1979) എന്ന സിനിമയിലേക്കുള്ള ക്ഷണം. പിന്നീട് അരവിന്ദന്റെ ചിദംബരം, ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യൻ, ഹരിഹരന്റെ പഞ്ചാഗ്നി എന്നീ സിനിമകളിലും അഭിനയിച്ചു. പിന്നീട് മുരളിയുടെ 155 സിനിമകളാണ് മലയാളത്തിൽ പിറന്നുവീണത്. നാടുവാഴികൾ, ആധാരം, ആകാശദൂത്, ലാൽസലാം, ചമ്പക്കുളം തച്ചൻ, കിഴക്കുണരുംപക്ഷി, ദ കിങ്, കാരുണ്യം, താലോലം, ചമയം, കേളി, വെങ്കലം, അമരം, കാണാക്കിനാവ്, പത്രം, നെയ്ത്തുകാരൻ തുടങ്ങിയ സിനിമകളിൽ മുരളി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. ​ഗ്രാമഫോണിലെ എന്തേ ഇന്നും വന്നീല എന്ന ​ഗാനരം​ഗം ആരും മറക്കില്ല.


നായകനായും പ്രതിനായകനായും സഹനടനായും മുരളി തിളങ്ങി. 10 തമിഴ് സിനിമകളിലും അഭിനയിച്ചു. മഞ്ചാടിക്കുരുവും സൂര്യ നായകനായ ആദവനുമാണ് മുരളി ഒടുവിൽ അഭിനയിച്ച മലയാള- തമിഴ് ചലച്ചിത്രങ്ങൾ. 2001ൽ നെയ്ത്തുകാരനിലൂടെ മികച്ച നടനുള്ള ​ദേശീയ പുരസ്കാരം ലഭിച്ചു. ആധാരം (1992), കാണാക്കിനാവ് (1996), താലോലം (1998), നെയ്ത്തുകാരൻ (2001) എന്നീ ചിത്രങ്ങൾക്ക് നാലുതവണ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. അമരം (1991), വീരാളിപ്പട്ട്, പ്രണയകാലം (2007) എന്നീ ചിത്രങ്ങൾക്ക് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും ലഭിച്ചു.


കേരള സംഗീത നാടക അക്കാദമി ചെയർമാനായും കൈരളി ചാനൽ ഡയറക്ടറായും പ്രവർത്തിച്ചു. അഭിനയ ലോകത്ത് തലയെടുപ്പോടെ നിൽക്കുമ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തിൽ ശക്തമായി അദ്ദേഹം നിലകൊണ്ടു. 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. അഭിനയത്തിന്റെ രസതന്ത്രം, അഭിനേതാവും ആശാന്റെ കവിതയും, മുരളി മുതൽ മുരളി വരെ, അരങ്ങേറ്റം, വ്യാഴപ്പൊരുൾ എന്നീ പുസ്തകങ്ങളും രചിച്ചു. അഭിനേതാവും ആശാന്റെ കവിതയും എന്ന പുസ്തകത്തിന് സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. 2009 ആഗസ്റ്റ് ആറിന് ജീവിതത്തിന് തിരശ്ശീല വീണെങ്കിലും മലയാളത്തിന്റെ മഹാനടന്റെ ഓർമകൾക്ക് മരണമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home