ഷാക്കിബിന്റെ വീടിന് നേരെ ആക്രമണം: ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമെന്ന് അവാമി ലീഗ്

ഷെയ്ഖ് ഹസീന, ഷക്കീബ് അൽ ഹസൻ
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും മുൻ അവാമി ലീഗ് എംപിയുമായ ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ പെട്രോൾ ബോംബാക്രമണം. ബുധനാഴ്ച രാത്രി 8.45ഓടെയായിരുന്നു ആക്രമണം. മഗുറ പട്ടണത്തിലെ കേശബ്മോർ പ്രദേശത്തുള്ള ഷാക്കിബിന്റെ വീട് അക്രമികൾ വീട് തകർക്കുകയും ചെയ്തു.
ഇന്ത്യയിൽ വച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പങ്കെടുത്ത വെർച്വൽ വാർത്താസമ്മേളനത്തിൽ ഷാക്കിബ് പങ്കെടുത്തിരുന്നു. പിന്നാലെ ഷാക്കിബിന്റെ വീടിന് നേരെ പെട്രോൾ ബോംബാക്രമണമുണ്ടാവുകയായിരുന്നു. ന്യൂഡൽഹി ഫോറിൻ കോറസ്‌പോണ്ടന്റ്സ് ക്ലബ്ബിലായിരുന്നു വിർച്വൽ വാർത്താസമ്മേളനം സംഘടിപ്പിച്ചിരുന്നത്.
അവാമി ലീഗ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിൻ്റെ പ്രതികാരമായാണ് ഈ ആക്രമണമെന്ന് പാർടി പ്രസ്താവനയിൽ ആരോപിച്ചു. ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ പേരിൽ അവാമി ലീഗ് പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങളുടെയും ഫാസിസത്തിന്റെയും തെളിവാണിതെന്ന് പാർടി വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ ഷെയ്ഖ് ഹസീന, ഡിസംബറിൽ താൻ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും പുനഃസ്ഥാപിക്കാൻ മടങ്ങിയെത്തുമെന്നാണ് ഹസീന പറഞ്ഞത്. ഷാക്കിബ് അൽ ഹസന് പുറമെ ഹസീനയുടെ മകൻ സജീബ് വസേദ് ജോയ്, മുൻ വിദ്യാഭ്യാസ മന്ത്രി മോഹിബുൾ ഹസൻ ചൗധരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.









0 comments