കാത്തിരിക്കുന്നത് തൂക്കുകയർ; പക്ഷേ കീഴടങ്ങാൻ ഒരുക്കമല്ല; ഹസീനയുടെ തിരിച്ചുപോക്ക് നിർണായകം

ഷെയ്ഖ് ഹസീന
ന്യൂഡൽഹി: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷയാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ (ഐസിടി) കഴിഞ്ഞ വർഷം അവസാനം വിധിച്ചത്. എന്നാൽ അധികാരത്തിൽനിന്ന് പുറത്തായി രണ്ട് വർഷം പിന്നിടുമ്പോൾ, ജീവൻ നഷ്ടമായാലും സ്വന്തം രാജ്യത്തേക്ക് മടങ്ങും എന്ന് തന്നെ ആവർത്തിക്കുകയാണ് ഹസീന. ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുമെന്ന് ന്യൂഡൽഹിയിൽ ഫോറിൻ കറസ്‌പോണ്ടേഴ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ നടത്തിയ മാധ്യമ സംവാദ പരിപാടിയിൽ ഹസീന വെളിപ്പെടുത്തിക്കഴിഞ്ഞു.
ഹസീനയുടെ റെക്കോർഡ് ചെയ്ത ശബ്‌ദ സന്ദേശമാണ് പരിപാടിയിൽ കേള്‍പ്പിച്ചത്. ‘അവാമി പാർടിയുടെ നിരോധനം പിൻവലിക്കണം. ഞാൻ എന്റെ ജനങ്ങളുടെ ഇടയിലേക്ക് തിരിച്ചുവരും. കള്ളക്കേസുകളിലൂടെ എന്നെ അവർ ക്രൂശിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, ഭയം എന്നെ, എന്റെ ജനങ്ങളെ സേവിക്കുന്നതിൽ തടസം നിൽക്കില്ല, ഇൗ ജന്മത്തിലും മരണത്തിലും’ – അവർ പറഞ്ഞു. ഹസീനയുടെ പത്രസമ്മേളനം ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാൻ ആവശ്യപ്പെട്ടിരുന്നു.
കാത്തിരിക്കുന്നത് തൂക്കുകയർ
സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയെന്ന കേസിലാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. കൂട്ടക്കൊലയ്ക്ക് പൊലീസിനും സൈന്യത്തിനും നിർദേശം നൽകി, ഗൂഢാലോചന നടത്തി, കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേതൃത്വം നൽകി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. "മാനുഷികതയ്ക്ക് എതിരായ കുറ്റങ്ങൾ' ഹസീന ചെയ്തതായി തെളിഞ്ഞെന്ന് 2025 നവംബർ 17ന് ഐസിടി വിധിന്യായത്തിൽ പറഞ്ഞു. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ, മുൻ ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കുറ്റക്കാരാണെന്ന് ട്രിബ്യൂണൽ വിധിച്ചു.
വൻവീഴ്ച
ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ കലാപത്തെ തുടർന്ന് 2024 ആഗസ്‌ത് അഞ്ചിനാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിപദമൊഴിഞ്ഞ് ഇന്ത്യയില്‍ അഭയംതേടിയത്. വിദ്യാർഥി സമരം, ബംഗ്ലാദേശ് രൂംപകൊണ്ടശേഷമുള്ള രാജ്യംകണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായി വളർന്നതോടെ ഹസീന സർക്കാർ നിലംപൊത്തി. നാലാംതവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ് ഏഴ് മാസം പിന്നിടുമ്പോഴായിരുന്നു പതനം. 2009 മുതൽ 15 വർഷം നീണ്ട ഭരണമാണ് അവസാനിച്ചത്.
പ്രക്ഷോഭകർ ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ വസതിക്കുള്ളിൽ
ജൂൺ ആദ്യവാരത്തിലാണ് വിദ്യാർഥികളുടെ സംവരണവിരുദ്ധ പ്രക്ഷോഭം ബംഗ്ലാദേശിൽ അണപൊട്ടിയത്. വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കുള്ള 30 ശതമാനം സംവരണം പുനസ്ഥാപിച്ച ഹൈക്കോടതി വിധിയാണ് പ്രക്ഷോഭത്തിന്റെ മൂലകാരണം. 1972 മുതൽ തുടരുന്ന സംവരണം താത്കാലികമായി മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് വൻ വിദ്യാർഥി രോഷത്തിനിടയാക്കി. എന്നാൽ ഭരണകക്ഷിയായ അവാമി ലീഗും യുവജനവിഭാഗമായ ഛാത്ര ലീഗും പൊലീസും അതിക്രൂരമായാണ് പ്രക്ഷോഭകരെ നേരിട്ടത്. അതിന്റെ വില ഷേയ്‌ഖ് ഹസീനയ്ക്ക് നൽകേണ്ടിവന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ധാക്കയിലെ ഔദ്യോഗിക വസതിയിൽ ദേശീയപതാകയുമായി ഇരച്ചുകയറിയ പ്രക്ഷോഭകർ
വിദ്യാർഥികളെ നേരിടാൻ പട്ടാളത്തെ വിളിക്കേണ്ട ഗതികേടുണ്ടായി. കണ്ടാലുടൻ വെടിവയ്‌ക്കാൻ ഉത്തരവും ഇറക്കി. രാജ്യമെമ്പാടും കർഫ്യൂ പ്രഖ്യാപിച്ചു. സ്ഥിതിഗതി കൈവിട്ടുപോകുന്ന ഘട്ടത്തിലാണ് സംവരണം വെട്ടിക്കുറച്ച് സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്. സർക്കാരിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താൻ കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു സുപ്രീംകോടതി വിധി. എന്നാൽ, ജനകീയരോഷം ഷെയ്ഖ് ഹസീനയിലേക്ക് തിരിയുന്നതാണ് പിന്നീട് കണ്ടത്. സർക്കാർ സ്വീകരിച്ച നടപടികളെല്ലാം പ്രക്ഷോഭം ആളിക്കത്താനുള്ള ഇന്ധനമായി.
പ്രക്ഷോഭകർ തീയിട്ട ധാക്കയിലെ വംഗബന്ധു മെമ്മോറിയൽ മ്യൂസിയം
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കുടുംബക്കാർക്കല്ലാതെ, റസാഖർമാരുടെ കുടുംബാംഗങ്ങൾക്കാണോ സംവരണം നൽകേണ്ടത് എന്ന ഷെയ്‌ഖ് ഹസീനയുടെ പ്രസ്താവന ഉദാഹരണം മാത്രം. വിമോചനസമരക്കാർക്കെതിരെ വെടിയുതിർത്ത പാക് അനുകൂല കൂലിപ്പട്ടാളമാണ് റസാഖർമാർ.
ബംഗ്ലാദേശ് ഭരണം ഏറ്റെടുത്ത സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. സൈനിക മേധാവി ജനറൽ വഖാര്‍ ഉസ് സമാനാണ് ഹസീനയുടെ രാജി ടെലിവിഷനിലൂടെ രാജ്യത്തെ അറിയിച്ചത്.
തുടർന്ന് സമരക്കാരുടെയും സൈന്യത്തിന്റെയും താല്പര്യപ്രകാരം നൊബേൽ ജേതാവായ മുഹമ്മദ് യൂനുസിനെ ഇടക്കാല ഭരണകൂടത്തിന്റെ തലവനായി തെരഞ്ഞെടുത്തു.
ഈ വർഷം ഫെബ്രുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർടി (ബിഎൻപി) വൻ വിജയം നേടി. 20 വർഷത്തിനുശേഷമാണ് ബിഎൻപി ഭരണത്തിലേക്കെത്തുന്നത്. 15 വർഷമായി ലണ്ടനിലായിരുന്നു താരിഖ് റഹ്‌മാൻ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്‌ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്‌തശേഷമാണ് മടങ്ങിയത്. എന്നാൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളുടെ പാർടിയായ നാഷണൽ സിറ്റിസൺസ് പാർടി (എൻസിപി)യും മതരാഷ്‌ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയും സഖ്യത്തിൽ മത്സരിച്ചിട്ടും തെരഞ്ഞെടുപ്പിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല.
ഹസീന പലായനം ചെയ്‌തതോടെ അവരുടെ പാർടിയായ അവാമി ലീഗിനെ നിരോധിച്ച് അംഗീകാരം റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ അവാമി ലീഗ് ആഹ്വാനംചെയ്‌തിരുന്നു.
കരുത്തുറ്റ ഭരണാധികാരി
നാലാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റ് ഏഴ് മാസം മാത്രം പിന്നിടുമ്പോഴാണ് ഷയ്ഖ് ഹസീനയ്ക്ക് ജനകീയ പ്രക്ഷോഭത്തെ ഭയന്ന് രാജ്യം വിടേണ്ടിവന്നത്. 1996 –2001നുശേഷം, 2009ലാണ് ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തുന്നത്. പിന്നീട് തുടർച്ചയായി മൂന്നു തവണ. ശക്തരായ രാഷ്ട്രീയ എതിരാളിപോലും അവര്‍ക്ക് ഉണ്ടായിരുന്നില്ല.
1975ൽ ബംഗ്ലാദേശിൽ നടന്ന സൈനിക അട്ടിമറിയാണ് ഷെയ്ഖ് ഹസീനയെ ദേശീയനേതൃത്വത്തിലേക്ക് ഉയർത്തിയത്. അട്ടിമറിയെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ ആദ്യ പ്രധാനമന്ത്രിയായ പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാനെയും, ഉമ്മയെയും മൂന്ന് സഹോദരങ്ങളെയും ഹസീനയ്‌ക്ക് നഷ്‌ടമായി. അട്ടിമറി നടക്കുമ്പോൾ അവർ ജർമനിയിലായിരുന്നു. ജീവന് ഭീഷണി ഉണ്ടായിരുന്നതിനാൽ ഇന്ത്യയിൽ അഭയം തേടി.
പിന്നീട് ബംഗ്ലാദേശിലേക്ക് മടങ്ങി, അവാമി ലീഗിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. പലതവണ തടവിലായി. മതമൗലികവാദികളോട് അവര്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയാറായില്ല. വികസന പ്രവർത്തനങ്ങളില്‍ ശ്രദ്ധിച്ചതും രോഹിന്ഗ്യന് അഭയാർഥികകൾക്ക് അഭയം നൽകിയതുമെല്ലാം അവരുടെ ജനപ്രീതി വർധിപ്പിച്ചു. എന്നാല്‍ ചില ഏകാധിപത്യ സമീപനങ്ങൾ വിമർശം വിളിച്ചുവരുത്തി. രണ്ട് തവണ പ്രധാനമന്ത്രിയായിരുന്ന ബിഎൻപി നേതാവ് ഖാലിദ സിയയെ വീട്ടുതടങ്കലിലാക്കി. പ്രതിപക്ഷ പാർടി നേതാക്കൾക്കെതിരെ ഹസീന സർക്കാർ നാലു ലക്ഷം കേസുകളെടുത്തെന്നാണ് റിപ്പോർട്ട്.
ഹസീനയുടെ വീട് യുവജനപ്രക്ഷോഭകരുടെ മ്യൂസിയമാക്കി
സർക്കാർ വിരുദ്ധ കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ച മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ വസതി കൊല്ലപ്പെട്ട യുവജനപ്രക്ഷോഭകരുടെ മ്യൂസിയമാക്കി ബംഗ്ലാദേശിലെ ബിഎൻപി സർക്കാർ.
ഹസീനയുടെ ധാക്കയിലെ ഒൗദ്യോഗിക വസതിയായ ഗണഭവനാണ്, അവാമി സർക്കാർ നിലംപതിക്കാനിടയായ ജൂലൈയിലെ വിദ്യാർഥി യുവജന പ്രക്ഷോഭത്തിൽ മരിച്ചവരുടെ സ്‌മാരകമാക്കിയത്. പ്രധാനമന്ത്രി താരീഖ് റഹ്‌മാൻ മ്യൂസിയം ഉദ്‌ഘാടനംചെയ്‌തു.









0 comments