ad
Deshabhimani

യുപിഐ ഫീസിൽ കേന്ദ്രത്തിന്റെ ന്യായീകരണം പാളുന്നു; ആ‌ർബിഐ മിച്ചത്തുക പര്യാപ്തം

RBI.jpg
വെബ് ഡെസ്ക്

Published on Aug 06, 2026, 09:05 AM | 1 min read

ന്യൂഡൽഹി : ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന പേര് പറഞ്ഞ് സാധാരണക്കാരെ യുപിഐ സേവനത്തിന് കീഴിൽ കൊണ്ടുവന്ന് ഒടുവിൽ നിരക്ക് ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ചില വ്യാപാരികൾ യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് ബാങ്കുകൾക്ക് പണം നൽകേണ്ടി വരുമെന്നാണ് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ബുധനാഴ്ച പറഞ്ഞത്. നിലവിൽ ബാങ്കുകളും എൻപിസിഐയുമാണ് ഈ ചെലവ് വഹിക്കുന്നത്.


യുപിഐ സേവനത്തിന് സർക്കാർ നിരക്ക് ഈടാക്കിയാൽ വ്യാപാരികൾ അത് ഉപഭോക്താവിൽ നിന്നുമായിരിക്കും തിരിച്ചുപിടിക്കുകയെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. യുപിഐ സംവിധാനം സൗജന്യമായി നിലനിർത്താൻ റിസർവ് ബാങ്കിന്റെ കൈവശം ആവശ്യത്തിലധികം പണമുണ്ടെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.


2025-26 സാമ്പത്തിക വർഷത്തിൽ 2.9 ലക്ഷം കോടി രൂപയാണ് ആർബിഐ മിച്ചത്തുകയായി കേന്ദ്രസർക്കാരിന് കൈമാറിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആർബിഐ കേന്ദ്രസർക്കാരിന് നൽകുന്ന മിച്ചത്തുകയിൽ കോടികളുടെ വർധനവുണ്ടായിട്ടുണ്ട്.


യുപിഐ ഇടപാടുകളുടെ നടത്തിപ്പിന് ഒരു വർഷം വരുന്ന ചെലവ് 9,664 കോടി മുതൽ 24,161 കോടി രൂപവരെയാണ്. അതായത് ആർബിഐയുടെ മിച്ചത്തുകയുടെ വെറും മൂന്ന് മുതൽ എട്ട് ശതമാനം വരെ മാത്രം. യുപിഐ ഇടപാടുകളുടെ ചെലവ് നികത്താൻ ആർബിഐ മിച്ചത്തുക പര്യാപ്തമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആർബിഐ കേന്ദ്രത്തിനടക്കുന്ന മിച്ചത്തുകയിൽ നിന്ന് തന്നെ യുപിഐ ഇടപാടുകൾക്കുള്ള ചെലവുകൾ വഹിക്കാമെന്നിരിക്കെയാണ് സാധാരണക്കാരെ പിഴിയാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.


യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ ഈടാക്കാൻ അധികാരം നൽകുന്ന ഭേദ​ഗതി ബില്ലാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചത്. തുടക്കത്തിൽ വ്യാപാരികൾക്കും 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കും മാത്രമേ നിരക്ക് ഈടാക്കുകയുള്ളൂ എന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. എന്നാൽ ഭാവിയിൽ ഈ നിരക്ക് ചെറിയ ഇടപാടുകൾക്കും ഏർപ്പെടുത്തിയേക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home