പവർ ബാങ്കിന് തീപിടിച്ചു; ഡൽഹി - ചെന്നൈ ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

ഹൈദരാബാദ് : പറക്കുന്നതിനിടെ പവർ ബാങ്കിന് തീപിടിച്ചതിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്. ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പോയ വിമാനമാണ് ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. 6E 6115 ഇൻഡിഗോ വിമാനമാണ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.
വിമാനത്തിലെ സീറ്റുകൾക്ക് മുകളിലുള്ള ലഗേജ് സൂക്ഷിക്കുന്ന ഭാഗത്ത് വച്ചിരുന്ന പവർ ബാങ്കിനാണ് തീപിടിച്ചത്. പവർബാങ്ക് വച്ചിരുന്ന ബാഗിന് തീപിടിക്കുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ബാഗുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. തുടർന്ന് ജീവനക്കാർ ഉടൻ തന്നെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീയണച്ചു. പിന്നാലെ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലഗേജ് കമ്പാർട്ട്മെന്റിൽനിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ പകർത്തിയത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പവർ ബാങ്കിലെ ലിഥിയം അയൺ ബാറ്ററിയിലുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. തീപിടിത്ത സാധ്യതയുള്ളതിനാൽ പല വിമാനങ്ങളിലും പവർ ബാങ്കുകൾ ചെക്ക്-ഇൻ ബാഗേജിൽ സൂക്ഷിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.








0 comments