Deshabhimani

മാധ്യമ കൈയേറ്റം ട്രയൽ; ഡൽഹി പ്രക്ഷോഭത്തിൽ സമ്പൂർണ മാധ്യമവിലക്കിന്‌ നടപടി തുടങ്ങി

journalists detained in delhi

ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകർ

വെബ് ഡെസ്ക്

Published on Oct 11, 2026, 05:38 PM | 2 min read

ന്യൂഡൽഹി: ഡൽഹിയിലെ ജനകീയ പ്രക്ഷോഭം റിപ്പോർട്ട്‌ ചെയ്യുന്നതിൽ നിന്ന്‌ മാധ്യമങ്ങൾക്ക്‌ സമ്പൂർണ വിലക്കേർപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്ര സേനകളും പൊലീസും നടത്തുന്ന ക്രൂരവും നീചവുമായ ചെയ്‌തികൾ പുറംലോകം അറിയാതിരിക്കാനാണ്‌ ഇ‍ൗ നീക്കം. സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരെ പ്രക്ഷോഭ വേദികളിലേക്ക്‌ കടത്തിവിടുന്നില്ല. സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കം നീക്കുന്നതും കൂടുതൽ വ്യാപകമാക്കിയിരിക്കുകയാണ്‌. ഒരു മുന്നറിയിപ്പുമില്ലാതെയാണ്‌ മാധ്യമങ്ങൾക്കു നേരെയുള്ള ആക്രമണവും വിലക്കും. മാധ്യമങ്ങളെ ഒഴിവാക്കിയാൽ പ്രക്ഷോഭം അടിച്ചമർത്താൻ കൂടുതൽ ക്രൂരമായ മാർഗങ്ങൾ സ്വീകരിക്കാമെന്ന കണക്കുകൂട്ടലിലാണ്‌ നരേന്ദ്ര മോഡിയും കൂട്ടരും. പ്രക്ഷോഭകരെ നേരിടുന്നതിനു സമാനമായ രീതിയിൽ തന്നെ മാധ്യമപ്രവർത്തകരെയും കൈകാര്യം ചെയ്യാനുള്ള നിർദേശം ഉന്നതങ്ങളിൽ നിന്ന്‌ നൽകിക്കഴിഞ്ഞു. ഞായറാഴ്‌ച ഇടതുപക്ഷ നേതാക്കൾക്കും ഇടതു വിദ്യാർത്ഥി–യുവജന സംഘടനാ പ്രവർത്തകർക്കും നേരെ നടന്ന അതിക്രൂരമായ ആകമണത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ്‌ മാധ്യമങ്ങളെ പൂർണമായും വിലക്കാനുള്ള നീക്കം തുടങ്ങിയത്‌.


ഞായറാഴ്‌ച ഉച്ചയോടെ മാധ്യപ്രവർത്തകർക്കു നേരെ കടുത്ത നടപടികൾ സ്വീകരിച്ചു തുടങ്ങി. കേരളത്തിൽ നിന്നുള്ള നിരവധി ദൃശ്യമാധ്യമ പ്രവർത്തകരെയും പത്രഫോട്ടോഗ്രാഫർമാരെയും കസ്‌റ്റഡിയിലെടുത്തു. അവരുടെ കൈയിലുണ്ടായിരുന്ന ക്യാമറയും മറ്റുപകരണങ്ങളും പിടിച്ചെടുത്തു. പലരുടെയും മൊബൈൽ ഫോണും പിടിച്ചെടുത്തു. ചിലരുടെ ക്യാമറയും ഫോണുകളും നശിപ്പിച്ചതായും പരാതിയുണ്ട്‌. കൊണാട് പ്ലേസ്‌, ആശ്രം മാർഗ്‌ എന്നിവിടങ്ങളിൽ നിന്നാണ്‌ കൂടുതൽ പേരെ കസ്‌റ്റഡിയിലെടുത്തത്‌. ഏഷ്യാനെറ്റ്‌, മാതൃഭൂമി, 24 ന്യൂസ്‌ എന്നീ ന്യൂസ്‌ ചാനലുകളുടെ റിപ്പോർട്ടർമാരെയും കാമറമാൻമാരെയും കസ്‌റ്റഡിയിലെടുത്തു. നവഭാരത്‌ ടൈംസ്‌, ന്യൂസ്‌ ലോൺഡ്രി, ദ്‌ ക്വിന്റ്‌ തുടങ്ങിയ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടർമാർക്കും സമാനാനുഭവമുണ്ടായി. പ്രസ്‌ കാർഡ്‌ കാണിച്ചിട്ടും ഒരു പരിഗണനയുമുണ്ടായില്ല. പൊലീസ്‌ വാഹനത്തിൽ കയറ്റിയ മാധ്യമപ്രവർത്തകരെ കുറേനേരം കഴിഞ്ഞാണ്‌ ഇറക്കിവിട്ടത്‌. കണ്ണൂരിൽ നിന്നുള്ള ഓൺലൈൻ മാധ്യമപ്രവർത്തക ദൃശ്യയെയും കസ്‌റ്റഡിയിലെടുത്തു. ഇന്നലെ റിപ്പോർട്ടർ ചാനലിലെ രണ്ട്‌ വനിതാ റിപ്പോർട്ടർമാരെ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ്‌ മാധ്യമങ്ങൾക്കെതിരെ കടുത്ത നടപടികൾക്ക്‌ അധികാരികൾക്ക്‌ ധൈര്യം ലഭിച്ചത്‌.


ഇന്റർനെറ്റ്‌, മൊബൈൽ സേവനങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ജന്തർമന്തറിലും പരിസരങ്ങളിലും നടക്കുന്ന സംഭവങ്ങൾ മാധ്യമങ്ങൾക്ക്‌ യഥാസമയം റിപ്പോർട്ട്‌ ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

മാധ്യങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി രണ്ടു ദിവസം മുന്പ്‌ ഡൽഹി പൊലീസ്‌ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. പ്രക്ഷോഭകരിൽനിന്ന്‌ അകലംപാലിക്കണമെന്നും കൂട്ടംകൂടരുതെന്നും പൊലിസിന്റെ സേവനം തടസ്സപ്പെടുത്തരുതെന്നുമായിരുന്നു അതിലുള്ള പ്രധാന നിർദ്ദേശങ്ങൾ. എന്നാൽ, മാധ്യമങ്ങളെ പ്രക്ഷോഭവേദികളിൽ നിന്നു പൂർണമായും ഒഴിവാക്കുന്ന തലത്തിലേക്കാണ്‌ കാര്യങ്ങൾ നീങ്ങുന്നത്‌. അതിനുള്ള തുടക്കമായാണ്‌ റിപ്പോർട്ടർമാരെ കസ്‌റ്റഡിയിലെടുത്തത്‌.


ബിജെപി സർക്കാരിനു കീഴിൽ ജനാധിപത്യത്തിന്റെ നാല്‌ തൂണുകളായ ലെജിസ്‌ലേച്ചർ, എക്‌സിക്യൂട്ടീവ്‌, ജുഡിഷ്യറി, മീഡിയ എന്നിവയെ പലതരത്തിൽ കേന്ദ്ര സർക്കാർ വരുതിയിലാക്കിയിട്ടുണ്ട്‌. ഇംഗിതത്തിന്‌ വഴങ്ങാത്തവരെ വേട്ടയാടുന്നതാണ്‌ സംഘപരിവാർ രീതി. അതു തന്നെയാണ്‌ ഡൽഹിയിലും നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home