print edition അമിത് ഷായ്‌ക്കെതിരെ പോസ്റ്റ് ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പകൽ മുഴുവൻ കസ്റ്റഡിയിൽ

ആശിഷ് ജോഷി

സ്വന്തം ലേഖകൻ
Published on Sep 04, 2026, 01:30 AM | 1 min read
ന്യൂഡൽഹി : ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തെ കൈകാര്യം ചെയ്‌ത രീതിയെച്ചൊല്ലി ആഭ്യന്തര മന്ത്രി അമിത് ഷായും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും തമ്മിൽ തർക്കമുണ്ടായെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആശിഷ് ജോഷിയെ പകൽ മുഴുവൻ അന്യായമായി കസ്റ്റഡിയിൽ വെച്ച് ഡൽഹി പൊലീസ്. ബുധനാഴ്‌ച രാവിലെ സുഹൃത്തിനൊപ്പം ഡൽഹി നെഹ്‌റു പാർക്കിൽ നടക്കാൻ പോയപ്പോഴാണ് ജോഷിയെ മഫ്‌തിയിൽ എത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെൽ വിഭാഗത്തിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ജോഷിയെ കൊണ്ടുപോയതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘അമിത് ഷായ്‌ക്കെതിരെ പോസ്റ്റിട്ടതിനാണ് കസ്റ്റഡിയിൽ എടുക്കുന്നതെന്നാണ് പൊലീസ് അറിയിച്ചത്. ഡിസിപി ചന്ദ്രയുടെയും (മനീഷി ചന്ദ്ര), എസിസി കുശ്‌വാഹയുടെയും (പ്രമോദ് സിങ് കുശ്‌വാഹ) നിർദേശപ്രകാരമാണ് നടപടിയെന്നും പറഞ്ഞു. വീട്ടിൽ പോയി വേഷം മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പെട്ടെന്ന് വരാമെന്ന് പറഞ്ഞതിനാൽ ജോഷി ഒപ്പം പോയി. പിന്നാലെ ഞാനും സ്‌പെഷ്യൽ സെൽ ഓഫീസിലെത്തി. അവിടെ ജോഷിയുടെ കാർ പാർക്ക് ചെയ്‌തിരുന്നു. എന്നാൽ ജോഷിയെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു’– സുഹൃത്ത് പറഞ്ഞു.
സംഭവത്തിൽ ഡൽഹി പൊലീസ് പ്രതികരിക്കാൻ കൂട്ടാക്കിയില്ല. വൈകുന്നേരം 5.23 വരെ ജോഷിയുടെ -ഫോൺ സ്വിച്ച്‌ഓഫായിരുന്നു. രാത്രി ഏഴരയോടെ വസതിയിൽ തിരിച്ചെത്തിയതായി ജോഷി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. കസ്റ്റഡിയിലെടുത്തത് വീട്ടുകാരെ അറിയിച്ചില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും കാണിച്ച് ജോഷി ഡൽഹി പൊലീസ് കമീഷണർക്ക് പരാതി നൽകി.










0 comments