Deshabhimani

ബിഹാറിൽ ഗംഗാനദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്നു; ഒഴിവായത് വന്‍ ദുരന്തം

Bridge Collapse bihar

വീഡിയോ സ്ക്രീന്‍ഷോട്ട്

വെബ് ഡെസ്ക്

Published on May 04, 2026, 09:49 PM | 1 min read

പട്ന : ബിഹാറിലെ ഭഗൽപൂരിൽ ഗംഗാനദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്നു. തിങ്കൾ പുലർച്ചെയാണ് സംഭവം. പാലത്തിന്റെ മധ്യത്തിൽ വിടവ് രൂപപ്പെട്ടതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലയിലെ ഭഗൽപൂരിനെയും നൗഗച്ചിയയെയും ബന്ധിപ്പിക്കുന്ന 4.7 കിലോമീറ്റർ നീളമുള്ള വിക്രമശില സേതുവിന്റെ ഒരു ഭാ​ഗമാണ് തകർന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാലം തകർന്നതോടെ ഇരു പ്രദേശങ്ങൾക്കുമിടയിൽ ​ഗതാ​ഗതം തടസപ്പെട്ടു. സംഭവത്തെത്തുടർന്ന് നദിയുടെ ഇരുകരകളിലേക്കും ​ഗതാ​ഗതത്തിനായി അധികൃതർ സ്റ്റീമറുകളും ബോട്ടുകളും ക്രമീകരിച്ചു.


ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ അഴിമതിയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. 2001ലാണ് പാലം നിർമിച്ചത്. എന്നാൽ അതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. തിങ്കൾ പുലർച്ചെ 12:50 ഓടെ, വിക്രമശില സേതുവിന്റെ 133-ാം നമ്പർ തൂണിന് സമീപം വിടവ് രൂപപ്പെടുകയായിരുന്നുവെന്ന് ഭഗൽപൂർ ജില്ലാ മജിസ്ട്രേറ്റ് നവാൽ കിഷോർ ചൗധരി പറഞ്ഞു. തൊട്ടുപിന്നാലെ, ഒരു സ്ലാബും നദിയിലേക്ക് വീണു. ഉടൻ തന്നെ എല്ലാ വാഹനങ്ങളെയും ആളുകളെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു.


പാലത്തിലൂടെയുള്ള ​ഗതാ​ഗതം തടസപ്പെട്ടതിനാൽ മുൻഗർ വഴിയുള്ള ബദൽ മാർ​ഗം സ്വീകരിക്കാൻ ജനങ്ങളോട് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടു. ബോർഡർ റോഡ് ഓർഗനൈസേഷന്റെയും സൈനിക സജ്ജീകരണത്തിന്റെയും സഹായത്തോടെ ജനങ്ങൾക്ക് ബദൽ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പ്രതിരോധ മന്ത്രിയുമായും സൈനിക മേധാവിയുമായും സംസാരിച്ചിട്ടുണ്ടെന്ന് ബീഹാർ സ്റ്റേറ്റ് ബ്രിഡ്ജ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ (ബിഎസ്ബിസിസി) ചെയർമാൻ ചന്ദ്രശേഖർ സിംഗ് പറഞ്ഞു.


പാലം നന്നാക്കാൻ മൂന്ന് മാസമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. സമാന്തരമായി പണിയുന്ന പാലം ഈ വർഷം ഡിസംബറിനുള്ളിൽ പൂർത്തിയാകുമെന്നും അധികൃതർ പറയുന്നു. ഈ വർഷം മാർച്ചിൽ, പാലത്തിന്റെ സംരക്ഷണ ഭിത്തികൾ തകർന്ന നിലയിലാണെന്ന് കാണിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തകർന്ന ഭിത്തി ഉടൻ പുനർനിർമ്മിക്കുമെന്ന് അന്നത്തെ റോഡ് നിർമാണ മന്ത്രി ദിലീപ് കുമാർ ജയ്‌സ്വാൾ പറഞ്ഞിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നതാണ് ഇപ്പോഴത്തെ തകർച്ച വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home