സഹോദരിക്ക് മുന്നിൽ വച്ച് 19 കാരിയെ പീഡിപ്പിച്ച പൊലീസുകാരെ പിരിച്ചുവിട്ടു

ചെന്നൈ: സഹോദരിക്ക് മുന്നിൽ വച്ച് 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു. തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദർ എന്ന കോൺസ്റ്റബിൾമാരെയാണ് പെൺകുട്ടിയുടെ പരാതിയിന്മേൽ പിരിച്ച് വിട്ടത്. ആന്ധ്രാപ്രദേശ് സ്വദേശികളായ പെൺകുട്ടികളിലൊരാളെയാണ് പീഡിപ്പിച്ചത്.
തങ്ങളുടെ തോട്ടത്തിലുണ്ടായ പഴം വിൽക്കാനായി സഹോദരികൾ തിരുവണ്ണാമലയിലേക്ക് പോകുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഹൈവെയിൽ വച്ച് പൊലീസ് ചെക്കിങ്ങിനിടെ സഹോദരിമാരെ കണ്ട പോലീസുകാർ ഇവരെ ആളൊഴിഞ്ഞ ഒരു പറമ്പിലേക്ക് കൊണ്ടുപോയി ഇളയ സഹോദരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനു ശേഷം പെൺകുട്ടികളെ റോഡിൽ ഉപേക്ഷിച്ച് അവർ തിരികെ പോയി.
പിറ്റേന്ന് രാവിലെ പെൺകുട്ടികളെ കണ്ട അടുത്തുള്ള ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് ആംബുലൻസ് വിളിച്ച് വരുത്തി ഇവരെ ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധനയിൽ ഒരാൾ ലൈംഗികപീഡനത്തിന് ഇരയായി എന്ന് മനസിലായി.
തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയും തിരുവണ്ണാമലൈ വനിതാ സ്റ്റേഷനിൽ നിന്ന് പൊലീസുകാരെത്തി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. രണ്ട് പൊലീസുകാരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.









0 comments