print edition പാകിസ്ഥാൻ ഉപരോധം തുടരുന്നു; ഇന്ത്യയുടെ സഹായം അഭ്യർഥിച്ച് പാക് അധീന കശ്‌മീർ നേതാക്കൾ

പ്രതീകാത്മക ചിത്രം
പൂഞ്ച്: പാക് അധീന കശ്‌മീരിൽ ഭക്ഷണവും മരുന്നും വെള്ളവുമടക്കമുള്ള അവശ്യസേവനങ്ങൾക്ക് പാകിസ്ഥാൻ ഉപരോധം ഏർപ്പെടുത്തിയതോടെ ഇന്ത്യയോട് സഹായമഭ്യർഥിച്ച് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി). ഒരു മാസമായി തുടരുന്ന സംഘർഷങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് കടുത്ത മാനുഷിക പ്രതിസന്ധി സൃഷ്‌ടിച്ചെന്നും നിയന്ത്രണരേഖയ്‌ക്കിപ്പുറമുള്ള ജനങ്ങളും ഇന്ത്യയും സഹായം നൽകണമെന്നും ജെഎഎസി നേതാവ് അമൻ ഖാൻ അഭ്യർഥിച്ചു.
ഞായറാഴ്‌ച റാവലക്കോട്ടിലെ ഇൗദ്‌ഗാഹ് മൈതാനത്ത് ചേർന്ന പ്രതിഷേധ യോഗത്തിലാണ് പരാമർശം. പതിനായിരങ്ങൾ പങ്കെടുത്ത യോഗത്തിൽ, ജെഎഎസി പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പും നൽകി. പാക് അധീന കശ്‌മീർ പാകിസ്ഥാന്റെ ഭാഗമല്ലെന്നും തങ്ങളുടെ ആവശ്യങ്ങളെ വെടിയുണ്ടകൾ കൊണ്ട് നേരിടാനാണ് ഉദ്ദേശമെങ്കിൽ മറ്റ് വഴി തേടുമെന്നും അമൻ ഖാൻ പറഞ്ഞു.
പാകിസ്ഥാൻ സർക്കാരും സുരക്ഷാ സേനയും പതിറ്റാണ്ടുകളായി തങ്ങളെ രാഷ്ട്രീയമായി അവഗണിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും അടിച്ചമർത്തുകയുമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താനാണ് അവശ്യ സാധനങ്ങളുടെ വിതരണം തടയുന്നതെന്നും ആരോപിച്ചു. പ്രതിഷേധക്കാർക്ക് നേരെ കർശന നടപടിയാണ് പാകിസ്ഥാൻ സ്വീകരിക്കുന്നത്.
അമൻ ഖാൻ ഉൾപ്പെടെയുള്ള ജെഎഎസി നേതാക്കൾക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുക്കുകയും സംഘടന നിരോധിക്കുകയും ചെയ്‌തു. റാവലകോട്ടിലെയും മിർപൂരിലെയും താമസക്കാർ ശരിയായ കശ്മീരികളല്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖാജാ ആസിഫ് പറഞ്ഞതും മേഖലയിലെ പ്രതിഷേധത്തിന് ആക്കം കൂട്ടി.










0 comments