ad
Deshabhimani

print edition മോദി ഫണ്ടുകളിൽ ചോദ്യംവേണ്ട ; വിചിത്ര നിർദേശവുമായി പിഎംഒ

PM office
വെബ് ഡെസ്ക്

Published on Feb 10, 2026, 02:57 AM | 1 min read


ന്യൂഡൽഹി

പിഎം കെയേഴ്‌സ്‌, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി, ദേശീയ പ്രതിരോധ നിധി എന്നിവയുമായി ബന്ധപ്പെട്ട എംപിമാരുടെ ചോദ്യങ്ങൾ അനുവദിക്കേണ്ടതില്ലെന്ന്‌ പ്രധാനമന്ത്രി കാര്യാലയം. ലോക്‌സഭാ നടപടിക്രമങ്ങളിലെ ചട്ടം 41 ഉയർത്തിക്കാട്ടിയാണ്‌ ചോദ്യങ്ങൾക്ക്‌ വിലക്കേർപ്പെടുത്താൻ പിഎംഒ കഴിഞ്ഞമാസം ലോക്‌സഭാ സ്‌പീക്കറുടെ ഓഫീസിന്‌ വിചിത്ര നിർദേശം നൽകിയത്. നിലവിൽ വിവരാവകാശ നിയമപ്രകാരം ഉന്നയിക്കുന്ന ചോദ്യങ്ങളും സർക്കാർ പരിഗണിക്കുന്നില്ല.


ചട്ടം 41(2) എട്ട്‌, ചട്ടം 41(2) 17 എന്നിവയിലെ വ്യവസ്ഥകൾ മറയാക്കിയാണ്‌ വിവാദ നടപടി. മുഖ്യമായും കേന്ദ്രസർക്കാരിന്റെ താൽപ്പര്യത്തിൽ വരാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, താൽപ്പര്യത്തിൽ വരാത്ത സ്ഥാപനങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എന്നിവ അനുവദിക്കേണ്ടതില്ലെന്നാണ്‌ വ്യവസ്ഥകളിലുള്ളത്‌.


പ്രധാനമന്ത്രി ചെയർമാനായി കോവിഡ്‌ കാലത്ത്‌ രൂപീകരിച്ചതാണ്‌ പിഎം കെയേഴ്‌സ്‌ ഫണ്ട്‌. പ്രതിരോധം, ആഭ്യന്തരം, ധനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർ ട്രസ്റ്റംഗങ്ങളാണ്‌. സ്വകാര്യ അംഗങ്ങളുമുണ്ട്‌. പ്രധാനമന്ത്രി ചെയർപേഴ്‌സണും പ്രധാനപ്പെട്ട വകുപ്പു മന്ത്രിമാർ അംഗങ്ങളുമാണെങ്കിലും സ്വകാര്യ നിധിയെന്ന നിലയിലാണ്‌ രജിസ്റ്റർ ചെയ്‌തത്‌. കണക്കുകൾ മറച്ചുപിടിക്കാനാണ്‌ ഇ‍ൗ സംവിധാനമെന്ന്‌ പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ ഫണ്ടിൽ 6284 കോടി രൂപയുണ്ട്. സ്വകാര്യവ്യക്തികളുടെ സംഭാവന ഉപയോഗിച്ചുള്ള ഫണ്ടായതിനാൽ വിവരം വെളിപ്പെടുത്തേണ്ടതില്ലെന്നാണ്‌ സർക്കാർ നിലപാട്‌. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി, സൈനികരുടെയും അർധസൈനികരുടെയും ക്ഷേമത്തിനായുള്ള പ്രതിരോധനിധി എന്നീ ഫണ്ടുകളുടെ കാര്യത്തിലും സമാന നിലപാടാണ്‌ സർക്കാരിന്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home