ad
Deshabhimani

ആഗോള ഊർജ്ജ പ്രതിസന്ധി: വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി; കടുത്ത വിലക്കയറ്റത്തിനിടയിലും മോദിയുടെ വിദേശയാത്ര

Image Credit : BBC
വെബ് ഡെസ്ക്

Published on May 17, 2026, 07:46 AM | 1 min read

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്നതിനിടെ, ആഗോള ഊർജ്ജ പ്രതിസന്ധിയിൽ വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.


പശ്ചിമേഷ്യൻ യുദ്ധം ഇനിയും നീണ്ടുപോയാൽ ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളും കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലാകുമെന്ന് നെതർലൻഡ്‌സ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.


ഇറാൻ സംഘർഷവും ആഗോള ഊർജ്ജ വിപണിയിലെ ചാഞ്ചാട്ടവും സൃഷ്ടിക്കുന്ന സാമ്പത്തിക വെല്ലുവിളികൾ രാജ്യം നേരിടാൻ ഒരുങ്ങുകയാണെന്ന സൂചന ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നൽകിയിരുന്നു.


ഇതിന് പിന്നാലെയാണ് വിദേശമണ്ണിൽ വെച്ചുള്ള മോദിയുടെ പുതിയ പ്രസ്താവന. ആഭ്യന്തരമായി രാജ്യം കടുത്ത വിലക്കയറ്റവും പ്രതിസന്ധിയും നേരിടുമ്പോൾ പ്രധാനമന്ത്രി നടത്തുന്ന വിദേശയാത്രകൾക്കെതിരെ പ്രതിപക്ഷ കക്ഷികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വിമർശനം ശക്തമാകുകയാണ്.


രാജ്യത്ത് കർശനമായ ചെലവുചുരുക്കലിനും വിദേശയാത്രകൾ ഒഴിവാക്കുന്നതിനും നിർദ്ദേശം നൽകുന്ന പ്രധാനമന്ത്രി തന്നെ വിദേശരാജ്യങ്ങളിൽ പോയി ഇത്തരം മുന്നറിയിപ്പുകൾ നൽകുന്നതിലെ വൈരുദ്ധ്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.


പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനത്തിനും പാചകവാതകത്തിനും രാജ്യത്ത് വില കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലേക്കാണ് നയിച്ചിരിക്കുന്നത്.


സാധാരണക്കാരന്റെ കുടുംബ ബജറ്റ് പൂർണ്ണമായും താളംതെറ്റിയ അവസ്ഥയിലാണ്. യുദ്ധം ഇനിയും തുടർന്നാൽ ഇന്ധനവില ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങൾ.


പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തരമായി എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ആഗോള സാഹചര്യങ്ങളെ മാത്രം കുറ്റം പറയുന്ന കേന്ദ്ര നിലപാടിനെതിരെ ജനരോഷം ശക്തമാകുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home