ad
Deshabhimani

ഊർജ പ്രതിസന്ധിയുടെ മറവിൽ ഒളിച്ചിരുന്ന് പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: എം എ ബേബി

M A Baby

എം എ ബേബി

വെബ് ഡെസ്ക്

Published on May 20, 2026, 02:06 PM | 1 min read

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും വിലക്കയറ്റത്തിലേക്കും നീങ്ങുന്നുവെന്നും പാചകവാതക സിലിണ്ടറുകളുടെ കടുത്ത ക്ഷാമം മൂലം സാധാരണക്കാർ കരിഞ്ചന്തയെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഇതിനോടകം തന്നെ ഇന്ധനവില രണ്ടുതവണ വർധിപ്പിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിലും വില ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്ധനവില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും എം എ ബേബി എക്സിൽ കുറിച്ചു.


ആഗോള വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലാണ്. ലോകത്തിലെ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന പ്രധാന കറൻസിയായി രൂപ മാറിയിരിക്കുന്നു. തൊഴിലവസരങ്ങൾ കുറഞ്ഞതോടെ ജനങ്ങളുടെ വരുമാന സ്രോതസ്സുകളും ഇല്ലാതായി. നിത്യജീവിതത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ വൻ തുക ചിലവഴിക്കേണ്ടി വരുമ്പോൾ, കയ്യിലുള്ള പണത്തിന്റെ മൂല്യം ഇടിയുന്നത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുകയാണ്.


ഇതിനിടയിൽ, രാജ്യത്ത് ഇത്തവണ ശരാശരിയിലും കുറഞ്ഞ മഴ ലഭിക്കുമെന്ന പ്രവചനവും, വളത്തിന്റെ കടുത്ത ക്ഷാമവും പ്രതിസന്ധി ഇരട്ടിയാക്കുന്നു. എന്നാൽ, വളത്തിന്റെ ഉപയോഗം കുറയ്ക്കാൻ കർഷകരോട് ആവശ്യപ്പെടുകയല്ലാതെ മറ്റ് ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കാര്യങ്ങൾ കൈവിട്ടുപോകുന്ന ഒരു അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്.


വിദേശത്തുപോയി 'ദാരിദ്ര്യം വൻതോതിൽ തിരിച്ചുവരുന്നതിനെക്കുറിച്ച്' സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തിനകത്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. നിലവിലെ പ്രതിസന്ധികളുടെയെല്ലാം പ്രധാന കാരണം മോദി സർക്കാരിന്റെ ആഭ്യന്തര-വിദേശ നയങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.


അദാനി, അംബാനി, ട്രംപ് എന്നിവരുടെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കാൻ രൂപീകരിച്ചിട്ടുള്ള ഇത്തരം നയങ്ങൾ തൊഴിലാളികൾ, കർഷകർ, ചെറുകിട വ്യാപാരികൾ എന്നിവരുടെ താല്പര്യങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. "ഊർജ്ജ പ്രതിസന്ധി"യുടെ മറവിൽ ഒളിച്ചിരുന്ന് പ്രധാനമന്ത്രിക്ക് ഇനി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, ജനങ്ങളുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകി അടിയന്തരമായി ഇടപെടണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home