മുംബൈയിൽ മേൽപ്പാല നിർമാണത്തിനിടെ പൈലിംഗ് യന്ത്രം മറിഞ്ഞുവീണു; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തകർന്നു വീണ പൈലിംഗ് യന്ത്രം, മരിച്ച സന്തോഷ് ഗോപാൽ ചവാൻ
മുംബൈ: മുംബൈയിൽ മേൽപ്പാല നിർമാണത്തിനിടെ പൈലിംഗ് യന്ത്രം മറിഞ്ഞുവീണ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മുംബൈ സിയോൺ - പൻവേൽ ഹൈവേയിൽ മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണാണ് പൊലീസ് കോൺസ്റ്റബിൾ മരിച്ചത്. നെഹ്‌റു നഗർ പൊലീസ് സ്റ്റേഷനിലെ സന്തോഷ് ഗോപാൽ ചവാൻ ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
മൻഖുർദ് ടി ജംഗ്ഷന് സമീപം വെള്ളിയാഴ്ചയായിരുന്നു സംഭവം. ശാസ്ത്രീയമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും കൃത്യമായി തറയിൽ ഉറപ്പിക്കാതെയുമാണ് കൂറ്റൻ പൈലിംഗ് മെഷീൻ സ്ഥാപിച്ചിരുന്നത്. നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിഞ്ഞ യന്ത്രം സന്തോഷിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കരാറുകാരനെതിരെ മൻഖുർദ് പൊലീസ് കേസെടുത്തിട്ടുണ്ട്. ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അധികൃതരുടെ കുറ്റകരമായ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മുംബൈയിലെ നിർമ്മാണ മേഖലയിലുണ്ടാകുന്ന മൂന്നാമത്തെ വലിയ അപകടമാണിത്.










0 comments