ബ്രാഹ്മണരെ വേദനിപ്പിച്ചെന്ന് ; ‘ഫുലേ’യ്ക്കും സെൻസർ ബോർഡിന്റെ കത്രിക

ന്യൂഡൽഹി : സാമൂഹ്യപരിഷ്‍കർത്താക്കളായ ജ്യോതിറാവു ഫുലേയുടെയും പങ്കാളി സാവിത്രിഭായ് ഫുലേയുടെയും ജീവിതം പ്രമേയമാക്കിയ ഹിന്ദി ചിത്രം ‘ഫുലേ’ വെട്ടിമുറിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ.
സിനിമയിൽനിന്ന് ജാതീയതയെക്കുറിച്ചുള്ള പരാമർശങ്ങളും രംഗങ്ങളും നീക്കണമെന്നാണ് നിർദേശം. ‘മനുവിന്റെ ജാതി വ്യവസ്ഥ’ എന്ന് തുടങ്ങുന്ന സംഭാഷണം, ചില ജാതിപ്പേരുകൾ, സാവിത്രി ഫുലേക്കെതിരായ ജാതി അധിക്ഷേപ രംഗങ്ങൾ തുടങ്ങി നിരവധി ഭാഗങ്ങളാണ് ബ്രാഹ്മണ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് വെട്ടിമാറ്റുന്നത്. ഇതോടെ, ജ്യോതിറാവു ഫുലേയുടെ ജന്മദിനമായ ഏപ്രിൽ 11ന് തീരുമാനിച്ചിരുന്ന റിലീസ് നീട്ടി. വസ്‌തുത മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും സെൻസർ ബോർഡിന്റെ നടപടി അനാവശ്യമാണെന്നും സംവിധായകൻ ആനന്ദ് മഹാദേവൻ പ്രതികരിച്ചു.
പ്രതീഖ് ഗാന്ധിയും പത്രലേഖയുമാണ് ഫുലേ ദമ്പതികളായി അഭിനയിച്ചത്. ഓസ്‌കർ നാമനിർദേശം ലഭിച്ച ‘സന്തോഷ്’ സിനിമയുടെ പ്രദർശനവും ജാതീയതയെക്കുറിച്ചുള്ള ഭാഗങ്ങൾ വെട്ടിമാറ്റാൻ വിസമ്മതിച്ചതിനെ തുടർന്ന് സെൻസർ ബോർഡ് വിലക്കിയിരുന്നു.









0 comments