ad
Deshabhimani

പിഎഫ് തുക പിൻവലിക്കൽ ഉദാരമാക്കുന്നു

EPFO

Image: Gemini AI

വെബ് ഡെസ്ക്

Published on Oct 13, 2025, 07:57 PM | 1 min read

ന്യൂഡൽഹി: ​പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള വ്യവസ്ഥകൾ ഉദാരമാക്കൻ ഇപിഎഫ്ഒ കേന്ദ്ര ട്രസ്‌റ്റി ബോർഡ്‌ യോഗത്തിൽ ധാരണ. വിവിധ ആവശ്യങ്ങൾക്ക്‌ പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട 13 വകുപ്പുകൾ അടിയന്തര ആവശ്യങ്ങൾക്കുള്ള പണം പിൻവലിക്കലെന്ന ഒറ്റ വകുപ്പിൽ ക്രോഡീകരിക്കാനാണ്‌ തീരുമാനം. ഇതിലൂടെ വിവാഹം, വിദ്യാഭ്യാസം, രോഗങ്ങൾ, ഭവനനിർമാണം തുടങ്ങിയ ആവശ്യങ്ങൾക്ക് പണം പിൻവലിക്കുന്നത് എളുപ്പമാകുമെന്നാണ് അവകാശപ്പെടുന്നത്.


പ്രോവിഡന്റ്‌ ഫണ്ട്‌ അക്ക‍ൗണ്ടിലെ ബാലൻസിൽ (ജീവനക്കാരുടെയും തൊഴിലുടമയും വിഹിതം ഉൾപ്പെടെ) പിൻവലിക്കാൻ അർഹമായ തുകയിൽ 100 ശതമാനവും എടുക്കാൻ അനുവദിക്കും. ഭാഗികമായ പിൻവലിക്കലിന്‌ ചുരുങ്ങിയ സർവീസ്‌ കാലയളവ്‌ 12 മാസമായി കുറയ്‌ക്കും. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക്‌ 10 തവണയും വിവാഹആവശ്യങ്ങൾക്ക്‌ അഞ്ച്‌ തവണയും പണം പിൻവലിക്കാൻ കഴിയും. നേരത്തെ വിദ്യാഭ്യാസം, വിവാഹം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്ക്‌ മൊത്തം മൂന്ന്‌ തവണയേ ഭാഗികമായി പണം പിൻവലിക്കാൻ സാധിച്ചിരുന്നുള്ളു. നേരത്തെ ‘പ്രത്യേകസാഹചര്യങ്ങൾ’ എന്ന വിഭാഗത്തിൽ പിഎഫ്‌ തുക ഭാഗികമായി പിൻവലിക്കുന്നതിന്‌ അംഗങ്ങൾ കാരണങ്ങൾ രേഖപ്പെടുത്തണമായിരുന്നു.


മതിയായ കാരണങ്ങൾ ഇല്ലെങ്കിൽ തുക പിൻവലിക്കാൻ അനുമതി നിഷേധിക്കപ്പെടുന്നതായും പരാതികളുണ്ടായിരുന്നു.

ഇനി മുതൽ ‘പ്രത്യേകസാഹചര്യങ്ങളിൽ’ ഭാഗികമായി പണം പിൻവലിക്കുന്നതിന്‌ അംഗങ്ങൾ കാരണങ്ങൾ രേഖപ്പെടുത്തേണ്ട കാര്യമില്ല. അംഗങ്ങളുടെ അക്ക‍ൗണ്ടുകളിലെ 25 ശതമാനം തുക മിനിമം ബാലൻസെന്ന പേരിൽ നിലനിർത്താനും സ‍ൗകര്യമുണ്ടാക്കും. അതേസമയം, വിരമിക്കുന്നതിന്‌ മുന്പ്‌ ഇപിഎഫ്‌ അന്തിമമായി തീർപ്പാക്കാനുള്ള കാലാവധി നിലവിലെ രണ്ട്‌ മാസത്തിൽ നിന്നും 12 മാസമാക്കും. പിഎഫ്‌ വിഹിതം അടയ്‌ക്കൽ വൈകിയാൽ പിഴ ഇ‍ൗടാക്കിയതിന്‌ എതിരായ കേസുസകളുടെ എണ്ണം കുറയ്‌ക്കാൻ ‘വിശ്വാസ്‌ പദ്ധതി’ നടപ്പാക്കും. ഇ‍ൗ പദ്ധതി പ്രകാരം വിഹിതം അടയ്‌ക്കാൻ വൈകിയാൽ ഇ‍ൗടാക്കുന്ന പിഴ മാസത്തിൽ ഒരു ശതമാനമാക്കി കുറയ്‌ക്കും. എന്നാൽ, മിനിമം പെൻഷൻ 1000 രൂപയിൽ നിന്നും വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാർ പ്രതികരിച്ചില്ല. ഉയർന്ന പെൻഷന്‌ ഡിമാൻഡ്‌ നോട്ടീസ്‌ ലഭിച്ചവർക്ക്‌ പണം അടയ്‌ക്കാനുള്ള സമയപരിധി നീട്ടിക്കൊടുക്കണമെന്ന ആവശ്യവും ചെവികൊണ്ടില്ല. ജീവനക്കാരുടെ ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ പകരം കണ്ണിൽപൊടിയിടൽ തന്ത്രങ്ങളുമായി കേന്ദ്രസർക്കാർ തടിയൂരുകയാണെന്ന്‌ ട്രസ്‌റ്റി ബോർഡ്‌ യോഗത്തിൽ പങ്കെടുത്ത സിഐടിയുനേതാവ്‌ ആർ കരുമലയൻ പ്രതികരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home