പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ചാൽ ഖത്തറിൽ നിന്നുള്ള ഇന്ധനമെത്താൻ ഒരു മാസമെടുക്കും: പെട്രോണറ്റ് എൽഎൻജി

പെട്രോനെറ്റ് എൽഎൻജി പ്ലാന്റ്
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ അവസാനിച്ചാലും ഖത്തറിൽ നിന്നുള്ള ദ്രാവക പ്രകൃതിവാതക വിതരണം പുനഃസ്ഥാപിക്കാൻ മൂന്ന് മുതൽ നാല് ആഴ്ച വരെ സമയമെടുക്കുമെന്ന് രാജ്യത്തെ പ്രമുഖ ഗ്യാസ് ഇറക്കുമതിക്കാരായ പെട്രോണറ്റ് എൽഎൻജി.
ഹോർമൂസ് കടലിടുക്കിലടക്കം നിലനിൽക്കുന്ന സുരക്ഷാ ഭീഷണികളും കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങളുമാണ് വിതരണം സാധാരണ നിലയിലാക്കാൻ തടസ്സമാകുന്നത്. നിലവിൽ ഖത്തർ എനർജിയിൽ നിന്നുള്ള ദീർഘകാല കരാർ പ്രകാരമുള്ള ഇന്ധനമെത്തുന്നത് യുദ്ധം കാരണം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.
സംഘർഷം അവസാനിച്ചാലുടൻ വിതരണ ശൃംഖല പൂർവ്വസ്ഥിതിയിലാക്കാൻ ഊർജ്ജിത ശ്രമങ്ങൾ നടത്തുമെന്ന് പെട്രോണറ്റ് എൽഎൻജി അറിയിച്ചു. യുദ്ധം കാരണം ഒട്ടുമിക്ക എൽഎൻജി ടാങ്കറുകളും ദീർഘദൂര പാതകൾ സ്വീകരിക്കുന്നതോ യാത്ര മാറ്റിവയ്ക്കുന്നതോ ആണ് വിതരണത്തെ ബാധിച്ചത്.
ഖത്തറിൽ നിന്നുള്ള വിതരണം കുറഞ്ഞതോടെ ആഭ്യന്തര ആവശ്യങ്ങൾക്കായി മറ്റ് വിപണികളെ ഇന്ത്യ ആശ്രയിക്കുന്നുണ്ട്. ദഹേജ്, കൊച്ചി ടെർമിനലുകളുടെ പ്രവർത്തനത്തെ ഇത് ബാധിക്കാതിരിക്കാൻ പെട്രോണറ്റ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഖത്തറുമായുള്ള പ്രതിവർഷം 7.5 ദശലക്ഷം ടണ്ണിന്റെ കരാർ കഴിഞ്ഞ ഫെബ്രുവരിയിൽ 2048 വരെ ഇന്ത്യ നീട്ടിയിരുന്നു.
ഊർജ്ജ സുരക്ഷയിൽ ഖത്തർ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ്. യുദ്ധം നീണ്ടുപോകുന്നത് ഇന്ത്യയിലെ വളം, വൈദ്യുതി, ഗതാഗത മേഖലകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ബദൽ മാർഗ്ഗങ്ങൾ തേടുകയാണ് സർക്കാർ.
സംഘർഷം ലഘൂകരിക്കപ്പെട്ടാൽ മുൻഗണനാക്രമത്തിൽ ഇന്ത്യയിലേക്കുള്ള കപ്പലുകൾ അയക്കാമെന്ന് ഖത്തർ ഉറപ്പുനൽകിയിട്ടുണ്ട്. എങ്കിലും കപ്പലുകൾ ലോഡ് ചെയ്യുന്നതിനും യാത്ര പൂർത്തിയാക്കുന്നതിനും നിശ്ചിത സമയം വേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.










0 comments