Deshabhimani

print edition പെട്രോളിൽ 31 ശതമാനം എഥനോൾ; ആരോപണം തള്ളി പെട്രോളിയം മന്ത്രാലയം

e20 fuel
വെബ് ഡെസ്ക്

Published on Nov 08, 2026, 12:30 AM | 1 min read

ന്യൂഡൽഹി : കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 31 ശതമാനം വരെ എഥനോളാണെന്ന സംസ്ഥാന സർക്കാരിന്റെ അവകാശവാദത്തെ ചോദ്യംചെയ്‌ത്‌ പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും. ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ മാനദണ്ഡങ്ങൾ പാലിച്ച്‌ 19–20 ശതമാനം എഥനോൾ കലർന്ന പെട്രോളാണ്‌ കർണാടകയിൽ വിൽക്കുന്നതെന്ന്‌ പൊതുമേഖലയിലുള്ള മൂന്ന്‌ എണ്ണക്കമ്പനികളും അറിയിച്ചതായി പെട്രോളിയം മന്ത്രാലയം അവകാശപ്പെട്ടു.


കർണാടക സർക്കാരിന്റെ സാമ്പിൾ ശേഖരണ രീതിയിലും പരിശോധനാ രീതിയിലും പെട്രോളിയം മന്ത്രാലയം സംശയം പ്രകടിപ്പിക്കുകയും ചെയ്‌തു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം പരിശോധനയ്‌ക്കായി ലിറ്ററിന്റെ ആറ്‌ സാമ്പിളുകളാണ്‌ ശേഖരിക്കേണ്ടത്‌. ഇതിൽ രണ്ട്‌ സാമ്പിൾ ഡീലർക്ക്‌ തന്നെ കൈമാറും. രണ്ട്‌ സാമ്പിൾ കമ്പനി സൂക്ഷിക്കും. മറ്റ്‌ രണ്ട്‌ സാമ്പിൾ ലാബിലേക്കയക്കും.


എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്നതിലൂടെ വലിയ നേട്ടം രാജ്യത്തിനുണ്ട്‌. 1.97 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനായി. ക്രൂഡോയിൽ ആവശ്യകതയിൽ 316 ലക്ഷം ടണ്ണിന്റെ കുറവുവന്നു. കാർബൺ വികിരണത്തിൽ 954 ലക്ഷം മെട്രിക്‌ ടൺ കുറവുവരുത്താനായെന്നും മന്ത്രാലയം അവകാശപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home