ad
Deshabhimani

പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് നയാര എനർജി; ഇരുട്ടടി

Nayara Petrol Pump
വെബ് ഡെസ്ക്

Published on Mar 26, 2026, 12:55 PM | 1 min read

ന്യൂഡൽഹി: രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമായിരിക്കെ ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില വർധിപ്പിച്ച് നയാര എനർജി. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തിൽവന്നു.


മറ്റ് കമ്പനികളും പിന്നാലെ ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. ക്രൂഡ് ഓയിൽ വില വർധിച്ചതാണ് നീക്കത്തിന് കാരണമെന്നാണ് നയാര നൽകുന്ന വിശദീകരണം.


രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ റീട്ടെയിൽ ഇന്ധന കമ്പനിയാണ് നയാര എനർജി. കേരളത്തിലടക്കം നിരവധിയിടങ്ങളിൽ നയാരയ്ക്ക് പമ്പുകളുണ്ട്.


ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണവും മറുപടിയായുള്ള പ്രത്യാക്രമണവും സൃഷ്ടിച്ച ഊർജ പ്രതിസന്ധി ഇന്ത്യയിൽ രൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഏതാണ്ട് അടഞ്ഞുകിടക്കുന്നതും, അമേരിക്കയും ഇറാനും പരസ്പരം ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും ആഗോള ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.


ഇന്ധനക്ഷാമം ഉണ്ടായേക്കുമെന്ന ആശങ്കയെത്തുടർന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പെട്രോൾ പമ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എൽപിജി പ്രതിസന്ധിയും രൂക്ഷമായതോടെ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനുകൾക്കും ഡിപ്പോകൾക്കും മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നുണ്ട്.


പ്രതിസന്ധി അതിരൂക്ഷമായതോടെ അമേരിക്കൻ അനുവാദത്തോടെ ആദ്യമായി ഇറാനിൽനിന്ന്‌ ഇന്ത്യ എൽപിജി വാങ്ങുന്നെന്നാണ് റിപ്പോർട്ടുകൾ. ഇറാനിൽനിന്ന്‌ എൽപിജിയുമായി ചൈനയിലേക്കുപോയ കപ്പൽ ഇന്ത്യൻ തീരത്തേക്ക്‌ ദിശമാറി എത്തുന്നെന്ന്‌ വിപണിനിരീക്ഷണ ഏജൻസിയായ എൽഎസ്‌ഇജി അറിയിച്ചു. പെട്രോളിയം മന്ത്രാലയം വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്‌. അമേരിക്കൻ ശാസനയെ തുടർന്ന്‌ ഇറാനിൽനിന്ന്‌ ക്രൂഡോയിലും എൽപിജിയും മറ്റും വാങ്ങുന്നത്‌ മോദി സർക്കാർ 2019ൽ അവസാനിപ്പിച്ചിരുന്നു.


അറോറ എന്ന കപ്പൽ മംഗലാപുരം തുറമുഖത്താകും അടുക്കുക. കപ്പലിലെ എൽപിജി ശേഖരം എത്രയെന്ന്‌ റിപ്പോർട്ടില്ല. മൂന്ന്‌ പൊതുമേഖലാ എൽപിജി വിതരണ കമ്പനികൾക്ക്‌ ഇത്‌ തുല്യഅളവിൽ നൽകും. രൂപയിലാണ്‌ എൽപിജി വാങ്ങുന്നത്‌. ഇക്കാര്യം ഒ‍ൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച ഫോണിൽ സംസാരിച്ചതിന്‌ ശേഷമാണ്‌ ഇ‍ൗ തീരുമാനം. ട്രംപിന്റെ അനുമതിയോടെയാണ്‌ കച്ചവടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home