ഇന്ധനവില വർധിച്ചേക്കും; രാജ്യത്തെ എണ്ണക്കമ്പനികൾ നഷ്ടത്തിലെന്ന് റിപ്പോർട്ട്

പ്രതീകാത്മക ചിത്രം | REUTERS/Bhawika Chhabra/File
ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നത് ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ യുദ്ധം ആരംഭിച്ച് 70 ദിവസം പിന്നിടുമ്പോൾ പ്രതിദിനം ഏകദേശം 1,000 കോടി രൂപയുടെ നഷ്ടമാണ് സർക്കാർ നേരിടുന്നത്. ഈ സാഹചര്യത്തിൽ മെയ് 15ന് മുമ്പ് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയർന്നിട്ടും കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിൽ റീട്ടെയിൽ ഇന്ധന വിലയിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളാണ്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എന്നിവയാണ് രാജ്യത്തെ പ്രധാന എണ്ണക്കമ്പനികൾ
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ദിനംപ്രതി ഉയരുന്നതും ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്ക പ്രതിസന്ധിയും പൊതുമേഖലാ എണ്ണക്കമ്പനികളെ കടുത്ത സാമ്പത്തിക ബാധ്യതയിലെത്തിച്ചിരിക്കുകയാണ്. ഏപ്രിൽ അവസാനത്തോടെ കമ്പനികളുടെ നഷ്ടം 30,000 കോടി രൂപയായി ഉയർന്നു. ജൂൺ അവസാനത്തോടെ ഇത് 50,000 കോടി കടന്നേക്കാം. പാചകവാതക വിതരണത്തിൽ മാത്രം 20,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ തുടക്കത്തിൽ എണ്ണവില ബാരലിന് 126 ഡോളറിലെത്തിയപ്പോൾ പെട്രോളിന് ലിറ്ററിന് 24 രൂപയും ഡീസലിന് 30 രൂപയും വീതം സബ്‌സിഡി സർക്കാർ എടുത്തുമാറ്റിയിരുന്നു. കൂടാതെ എക്സൈസ് ഡ്യൂട്ടി കുറച്ചതിലൂടെ മാത്രം ഖജനാവിന് 1.70 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. നിലവിൽ പെട്രോൾ, ഡീസൽ വില്പനയിൽ ലിറ്ററിന് 25 മുതൽ 28 രൂപ വരെ നഷ്ടം നേരിടുന്നുണ്ടെങ്കിലും എണ്ണക്കമ്പനികൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകാൻ പദ്ധതിയില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പുകൾ അവസാനിച്ച സ്ഥിതിക്ക് ഇന്ധനവില ഉയർത്താനാണ് സാധ്യത.
2021ൽ കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രസർക്കാർ പെട്രോൾ - ഡീസൽ വില ഉയർത്തിയിരുന്നു. അന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിൽ ആറ് തവണയാണ് എണ്ണ വിതരണ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് കാലയളവിൽ ഇന്ധനവിലയിൽ ഒരു മാറ്റവും വരുത്തിയിരുന്നില്ല.
സാധാരണക്കാരെ നേരിട്ട് ബാധിക്കാത്ത മേഖലകളിൽ ഇതിനകം വിലവർധനവ് നടപ്പിലാക്കിയിട്ടുണ്ട്. വാണിജ്യ എൽപിജി 19 കിലോ സിലിണ്ടറിന് 993 രൂപ വർധിപ്പിച്ചു. ഇതോടെ സിലിണ്ടർ വില 3,071.50 രൂപ എന്ന റെക്കോർഡിലെത്തി. ഇത് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും രാജ്യത്തെ ഹോട്ടൽ, റസ്റ്റോറന്റ്, കാറ്ററിങ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. പല ഹോട്ടലുകളും ഭക്ഷണത്തിന് വില വർധിപ്പിച്ചിട്ടുണ്ട്.
വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഡീസൽ വില ലിറ്ററിന് 137 രൂപയിൽ നിന്ന് 149 രൂപയായി ഉയർത്തി. അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കുള്ള ഇന്ധന വിലയിൽ 5.33 ശതമാനം വർധനവ് വരുത്തി. എന്നാൽ ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
നിലവിൽ 15 ദിവസത്തെ ആവശ്യത്തിനുള്ള എണ്ണ ശേഖരം മാത്രമാണ് ഇന്ത്യക്കുള്ളത്. ഇറക്കുമതി ചെലവിന് പുറമെ ഇൻഷുറൻസ് പ്രീമിയത്തിലും 30 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഇന്ധനവില വർധിപ്പിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുമെന്നതിനാൽ വിപണിയിൽ വലിയ തോതിലുള്ള വിലക്കയറ്റത്തിന് ഇത് കാരണമായേക്കാം. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക തീരുമാനങ്ങളിലേക്ക് കേന്ദ്രസർക്കാർ നീങ്ങുന്നത് രാജ്യത്തെ വിപണിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ.










0 comments