ad
Deshabhimani

print edition പെട്രോൾ– ഡീസൽ വില ഉടൻ കൂട്ടും; എൽപിജി വിലയും കുതിക്കും

Petrol.jpg
വെബ് ഡെസ്ക്

Published on May 10, 2026, 12:22 AM | 1 min read

ന്യൂഡൽഹി: പെട്രോൾ– ഡീസൽ വിലയും ഗാർഹിക പാചകവാതക വിലയും 15ന്‌ മുമ്പായി കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. പെട്രോളിനും ഡീസലും ലിറ്ററിന്‌ അഞ്ചുരൂപ വരെയും ഗാർഹിക എൽപിജി സിലിണ്ടറിന് 50 രൂപയും വർധിച്ചേക്കും. അഞ്ച്‌ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതിന്‌ പിന്നാലെ വാണിജ്യ എൽപിജി വില സിലിണ്ടറിന്‌ 993 രൂപ കൂട്ടിയിരുന്നു. അതിഥി തൊഴിലാളികൾ കൂടുതലായി ഉപയോഗിക്കുന്ന അഞ്ചുകിലോ സിലിണ്ടർ വിലയിൽ 281 രൂപയും വർധിപ്പിച്ചു. ഇതോടൊപ്പം ബൾക്ക്‌ ഡീസൽ വില ലിറ്ററിന്‌ 12 രൂപയും അന്താരാഷ്ട്ര സർവീസുകൾക്കുള്ള വിമാനഇന്ധന വില കിലോലിറ്ററിന്‌ ഏഴായിരത്തിലേറെ രൂപയും കൂട്ടി.


അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ലിറ്ററിന്‌ 126 ഡോളർ വരെയായി ഉയർന്നെന്ന്‌ അവകാശപ്പെട്ടാണ്‌ പെട്രോൾ– ഡീസൽ വില കുത്തനെ ഉയർത്താൻ മോദി സർക്കാർ ഒരുങ്ങുന്നത്‌. പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ഏപ്രിൽ അവസാനം ഒരു ഘട്ടത്തിൽ മാത്രമാണ്‌ ക്രൂഡോയിൽ വില 126 ഡോളർ വരെയെത്തിയത്‌. പിന്നീട്‌ നൂറ്‌ ഡോളറിൽ താഴെയായി വില ഇടിഞ്ഞിരുന്നു.


പശ്‌ചിമേഷ്യൻ സംഘർഷം ആരംഭിക്കുന്നതിന്‌ മുമ്പ്‌ എഴുപത്‌ ഡോളറിൽ താഴെയായിരുന്നു ക്രൂഡോയിൽ വില. 2022 സെപ്‌തംബറിന്‌ ശേഷം ചുരുക്കം ഘട്ടത്തിൽ മാത്രമാണ്‌ ക്രൂഡോയിൽ വില 80 ഡോളർ കടന്നത്‌. കഴിഞ്ഞ വർഷം ഏപ്രിലിൽ വില 58 ഡോളർ വരെയായി താഴുകയും ചെയ്‌തിരുന്നു. ഇ‍ൗ ഘട്ടത്തിൽ പോലും ആഭ്യന്തര ഇന്ധന വില കുറയ്‌ക്കാൻ മോദി സർക്കാർ കൂട്ടാക്കിയിരുന്നില്ല. എന്നാൽ ക്രൂഡോയിൽ വില 100 ഡോളർ കടന്നയുടൻതന്നെ ഇന്ധന വില ഉയർത്തി ജനങ്ങളെ വീണ്ടും ദ്രോഹിക്കാനാണ്‌ കേന്ദ്രനീക്കം.


എൽപിജി വില ഉയർത്തിയതോടെ ഹോട്ടൽ ഭക്ഷണ വില രാജ്യവ്യാപകമായി കുത്തനെ കൂടിയിരുന്നു. പെട്രോൾ – ഡീസൽ വില കൂടി ഉയർത്തുന്നതോടെ രാജ്യമാകെ വിലക്കയറ്റം കുതിക്കുന്ന സാഹചര്യമൊരുങ്ങും. എല്ലാ എണ്ണകമ്പനികൾക്കുമായി മാസം മുപ്പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ്‌ കേന്ദ്രവാദം. എന്നാൽ ക്രൂഡോയിൽ വില 60 ഡോളറിലും താഴെയെത്തിയ ഘട്ടത്തിൽ എണ്ണ കമ്പനികൾക്ക്‌ എത്ര ലാഭമുണ്ടായെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ മ‍ൗനം പുലർത്തുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home