print edition പെട്രോൾ, ഡീസൽ വിലയും കുത്തനെ കൂട്ടും

ന്യൂഡൽഹി : എൽപിജിക്ക് പിന്നാലെ പെട്രോൾ, ഡീസൽ വിലയും കുത്തനെ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍. ലിറ്ററിന് അഞ്ചു രൂപ വരെ കൂട്ടുമെന്നാണ് പെട്രോളിയം മന്ത്രാലയം നൽകുന്ന സൂചന. ഇതിന്റെ സൂചനയെന്നോണം ബൾക്ക് ഡീസൽ വില ലിറ്ററിന് വ്യാഴാഴ്‌ച 12 രൂപ കൂട്ടിയിരുന്നു. ലിറ്ററിന് 137 ൽ നിന്ന് 149 ആയി. ഇത് കൂടുതൽ ഡീസൽ വാങ്ങുന്ന കെഎസ്‌ആർടിസിയടക്കമുള്ള പൊതുമേഖലാ ഗതാഗത സംവിധാനങ്ങൾ, റെയിൽവെ, വൻകിട വ്യവസായ യൂണിറ്റുകൾ എന്നിവയ്‌ക്ക് തിരിച്ചടിയാകും.
അന്താരാഷ്ട്ര സർവ്വീസുകൾക്കുള്ള വിമാന ഇന്ധന വില കിലോ ലിറ്ററിന്(1000 ലിറ്റർ) 76.55 ഡോളർ( 7265.40 രൂപ) ഉയർത്തി.കഴിഞ്ഞ വ്യാഴാഴ്‌ച ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 126 ഡോളർ വരെയെത്തിയുരുന്നു. എന്നാൽ വൈകാതെ തന്നെ 108 ഡോളറിലേക്ക് താഴ്‌ന്നു. വില 126 ഡോളറിലെത്തിയെന്ന് അവകാശപ്പെട്ടാണ് ഇന്ധനവില വർധിപ്പിക്കാനുള്ള നീക്കം. 2008 ലെ ആഗോള സാമ്പത്തികമാന്ദ്യ ഘട്ടത്തിലാണ് ക്രൂഡോയിൽ വില എല്ലാ റെക്കോർഡുകളും തകർത്തത്. 2008 ജൂലൈയിൽ വില ബാരലിന് 147 ഡോളർ വരെയെത്തി.
എന്നാൽ ഇൗ ഘട്ടത്തിലും ആഭ്യന്തര വിപണിയിൽ പെട്രോൾ ലിറ്ററിന് 50.5 രൂപയും ഡീസൽ ലിറ്ററിന് 34.8 രൂപയും മാത്രമായിരുന്നു. നിലവിൽ പെട്രോൾ വില ലിറ്ററിന് 105.87 രൂപയും (കൊച്ചി) ഡീസൽ വില 94.54 രൂപയുമാണ്. പശ്‌ചിമേഷ്യൻ സംഘർഷത്തിന് മുമ്പ് ഫെബ്രുവരിയിൽ ക്രൂഡോയിൽ വില ബാരലിന് ശരാശരി 70 ഡോളർ മാത്രമായിരുന്നു. അന്ന് ഒരുരൂപ പോലും കുറയ്‌ക്കാത്ത സർക്കാരാണ് ഇപ്പോൾ ക്രൂഡോയിൽ വില നൂറു കടന്നുവെന്ന് പറഞ്ഞ് ഇന്ധന വില കുത്തനെ കൂട്ടാനൊരുങ്ങുന്നത്.










0 comments