ജനം പരിഭ്രാന്തിയിൽ; പെട്രോൾ, ഡീസൽ വിലയും ഉടൻ വർധിപ്പിക്കും?

ന്യൂഡൽഹി: പാചകവാതകത്തിന് പിന്നാലെ രാജ്യത്ത് ഇന്ധനവിലയും വർധിപ്പിക്കാൻ നീക്കം. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് മുതൽ 10 രൂപവരെ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മെയ് 15ന് മുൻപായി വർധന നടപ്പാക്കിയേക്കാം.
വില ഉയരുമെന്ന ആശങ്കയെത്തുടർന്ന് രാജ്യത്തെ പെട്രോൾ, ഡീസൽ പമ്പുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വൈകുന്നേരം മുതൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതായും തിങ്കളാഴ്ചയും ഇത് തുടർന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം മറികടക്കാൻ രാജ്യത്തെ ജനങ്ങൾ പെട്രോൾ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് തിരക്ക് വർധിച്ചത്. എന്നാൽ രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും അസംസ്‌കൃത എണ്ണശേഖരം സുരക്ഷിതമാണെന്നും റിഫൈനറികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.
അതേസമയം, ആഗോളവ്യാപകമായി ഇന്ധനവിലയിലുണ്ടായ വർധന കാരണം എണ്ണക്കന്പനികൾ വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പ്രതിദിനം 1000 കോടിയുടെ നഷ്ടമാണ് കന്പനികൾക്കുള്ളത്. ഇതോടൊപ്പം, 2027 സാന്പത്തികവർഷത്തിലെ ആദ്യപാദത്തിൽ രണ്ടുലക്ഷം കോടിയുടെ സാന്പത്തിക നഷ്ടം കന്പനികൾക്ക് ഉണ്ടായിട്ടുണ്ടെന്നും പശ്‌ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ രൂപീകരിച്ച കേന്ദ്ര മന്ത്രിതല സമിതി അവകാശപ്പെട്ടു.










0 comments